സ്രാവിന്റെ ആക്രമണം, വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

Tuesday 21 February 2023 6:29 AM IST

കാൻബെറ : പസഫിക് സമുദ്രത്തിൽ ഫ്രാൻസിന്റെ അധീനതയിലുള്ള ന്യൂ കാലിഡോണിയയിൽ സ്രാവിന്റെ ആക്രമണത്തിൽ 59കാരനായ ഓസ്ട്രേലിയൻ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. തലസ്ഥാന നഗരമായ നൊമേയയിലെ ഒരു ബീച്ചിൽ ഞായറാഴ്ചയായിരുന്നു സംഭവം. തീരത്ത് നിന്ന് 150 മീറ്റർ അകലെ നീന്തുന്നതിനിടെയിലാണ് സ്രാവിന്റെ ആക്രമണമുണ്ടായത്. സമീപത്ത് ഒരു ചെറുബോട്ടിലുണ്ടായിരുന്ന രണ്ട് പേർ ചേർന്ന് ഇയാളെ രക്ഷിച്ച് കരയ്ക്കെത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. കാലിലും കൈകളിലും വലിയ മുറിവുകളുണ്ടായിരുന്നു. അതേ സമയം, ആക്രമണം നടക്കുമ്പോൾ നിരവധി പേർ കടലിൽ നിന്തുന്നുണ്ടായിരുന്നു. ഇവരെല്ലാം സ്രാവിന്റെ ആക്രമണത്തിന് സാക്ഷിയാവുകയും ചെയ്തു. ബീച്ചിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ച പൊലീസ് മേഖലയിൽ പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ടൈഗർ ഷാർക് അല്ലെങ്കിൽ ബുൾ ഷാർക് ഇനത്തിലെ സ്രാവാകാം ആക്രമണം നടത്തിയതെന്ന് കരുതുന്നു. തീരത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ ഇവയെ കണ്ടാൽ കൊല്ലണമെന്ന് നൊമേയ മേയർ അധികൃതർക്ക് നിർദ്ദേശം നൽകി. ഇതിനായി ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം ആരംഭിച്ചു. കഴിഞ്ഞ മാസം ഇതേ ബീച്ചിൽ സ്രാവിന്റെ ആക്രമണത്തിൽ 49കാരന് ഗുരുതര പരിക്കേറ്റിരുന്നു.