'യുക്രെയിൻ ദുർബലമല്ല, പുട്ടിന്റെ പദ്ധതികൾ പാളി '  കീവിൽ ബൈഡന്റെ അപ്രതീക്ഷിത സന്ദർശനം  50 കോടി ഡോളറിന്റെ അധിക സൈനിക സഹായം

Tuesday 21 February 2023 6:29 AM IST

കീവ്: യുക്രെയിനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു വർഷം തികയാനിരിക്കെ യുക്രെയിൻ തലസ്ഥാനം കീവിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തി കീവിലെത്തും വരെ ബൈഡന്റെ സന്ദർശന വിവരം പുറത്തുവിട്ടിരുന്നില്ല.

യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം യുക്രെയിൻ ജനതയോടുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബന്ധത തുടരുമെന്ന് പ്രഖ്യാപിച്ചു. ബൈഡന്റെ സന്ദർശനം അങ്ങേയറ്റം പിന്തുണ അടയാളപ്പെടുത്തുന്നതായി സെലെൻസ്‌കി പറഞ്ഞു. ഇരുവരും കീവിലെ തെരുവുകളിലൂടെ നടക്കവെ വ്യോമാക്രമണ അപായ സൈറണുകൾ മുഴങ്ങിയെങ്കിലും അക്രമ സംഭവങ്ങളൊന്നും ഉണ്ടായില്ല.

യുക്രെയിന് എയർ സർവൈലൻസ് റഡാറുകളടക്കം 50 കോടി ഡോളറിന്റെ അധിക സൈനിക സഹായം ബൈഡൻ പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ റഷ്യക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും ഉറപ്പ് നൽകി. ദൂർഘ ദൂര പ്രഹര പരിധിയോട് കൂടിയ ആയുധങ്ങളെപ്പറ്റി ഇരുവരും ചർച്ച നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. അഞ്ച് മണിക്കൂറിലേറെ നീണ്ട സന്ദർശനത്തിനൊടുവിൽ പോളണ്ടിലേക്ക് മടങ്ങിയ ബൈഡൻ പ്രസിഡന്റ് ആൻഡ്രെയ് ഡ്യൂഡയുമായി കൂടിക്കാഴ്ച നടത്തും.

പുട്ടിനെ കുത്തി ബൈഡൻ


റഷ്യ നടത്തുന്ന ക്രൂരമായ അധിനിവേശത്തിന്റെ ഒന്നാം വാർഷികം ആചരിക്കാനൊരുങ്ങുന്നു. അധിനിവേശം തുടങ്ങുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ കരുതിയത് യുക്രെയിൻ ദുർബലവും പാശ്ചാത്യ രാജ്യങ്ങൾ ഭിന്നിക്കപ്പെട്ടിരിക്കുകയും ആണെന്നാണ്. തങ്ങളെ മറികടക്കാമെന്ന് പുട്ടിൻ കരുതി.

എന്നാലത് തീർത്തും തെറ്റി. ഒരു വർഷത്തിനുപ്പുറവും യുക്രെയിനും ജനാധിപത്യവും നിവർന്നു നിൽക്കുന്നതായും ബൈഡൻ പറഞ്ഞു. അതേ സമയം, ഇന്ന് റഷ്യൻ പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ വാർഷിക അഭിസംബോധന നടത്തുന്ന പുട്ടിൻ ബൈഡന് മറുപടി നൽകിയേക്കും.

ബൈഡന്റെ സുരക്ഷ, പുട്ടിന്റെ ഗ്യാരന്റി

അതേ സമയം, സന്ദർശനത്തിന് ബൈഡന്റെ സുരക്ഷ റഷ്യ ഉറപ്പുവരുത്തിയെന്നും വ്യോമാക്രമണങ്ങൾ ഉണ്ടാകില്ലെന്ന വ്ലാഡിമിർ പുട്ടിന്റെ ' ഗ്യാരന്റി'യോടെയാണ് ബൈഡൻ കീവിലെത്തിയതെന്നും റഷ്യൻ രാഷ്ട്രീയ ഗവേഷകനും പുട്ടിന്റെ മുൻ വക്താവുമായ സെർജി മാർകൊവ് അവകാശപ്പെട്ടു.

ഈ സന്ദർശനത്തിലൂടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ബൈഡൻ നേട്ടമുണ്ടാക്കിയെന്നും സെർജി പറഞ്ഞു. ' പ്രസിഡന്റിന്റെ കർത്തവ്യങ്ങൾ നിർവഹിക്കാൻ ബൈഡൻ ശാരീരികമായും മാനസികമായും സജ്ജമല്ലെന്ന് അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ തന്നെ സംസാരമുണ്ട്.

തന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ വലിയ വിജയം നേടാൻ ഈ സന്ദർശത്തിലൂടെ ബൈഡന് കഴിഞ്ഞു. ' മാർകൊവ് കൂട്ടിച്ചേർത്തു. അതേ സമയം, ബൈഡന്റ് സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുന്നേ റഷ്യക്ക് അറിയിപ്പ് നൽകിയെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ അറിയിച്ചു.

Advertisement
Advertisement