ഇമ്രാൻ ഖാൻ അറസ്റ്റിന്റെ വക്കിൽ

Tuesday 21 February 2023 6:30 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാനെ വിദേശ ഫണ്ട് കേസിൽ ഏത് നിമിഷവും അറസ്റ്റ് ചെയ്തേക്കാമെന്ന് റിപ്പോർട്ട്. പി.ടി.ഐയ്ക്ക് വേണ്ടി വിദേശത്തു നിന്ന് കൃത്യമായ രേഖകളില്ലാതെ അനധികൃതമായി പണം സ്വീകരിച്ചെന്നാണ് ആരോപണം.

കേസിൽ ഇമ്രാനെതിരെ അന്വേഷണം നടത്തുന്ന പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്​റ്റിഗേഷൻ ഏജൻസി നാലംഗ സംഘത്തെ അറസ്റ്റിനായി രൂപീകരിച്ചെന്ന് പാക് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഡയറക്ടർ ജനറലിന്റെ അനുമതി ലഭിക്കുന്നതോടെ ഇമ്രാനെ ലാഹോർ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുമെന്നാണ് അഭ്യൂഹം.

ഇമ്രാനെ കൂടാതെ മ​റ്റു പത്ത് പാർട്ടി പ്രവർത്തകരും കേസിൽ പ്രതികളാണ്. ഇതേ കേസിൽ കഴിഞ്ഞ ഒക്ടോബറിലും ഇമ്രാൻ അറസ്റ്റിന്റെ വക്കിലെത്തിയിരുന്നു. നിലവിൽ ഷെഹ്‌ബാസ് ഷെരീഫ് സർക്കാരിനെതിരെ ഇമ്രാന്റെ ഭീഷണി രൂക്ഷമായ പശ്ചാത്തലത്തിൽ അറസ്റ്റിലൂടെ അദ്ദേഹത്തെ നിശബ്ദമാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് പി.ടി.ഐ ആരോപിക്കുന്നു.

അതിനിടെ,​ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ നടത്തിയ പ്രതിഷേധങ്ങളുടെ പേരിലെടുത്ത കേസിൽ ലാഹോർ ഹൈക്കോടതി ഇന്നലെ ഇമ്രാന് മാർച്ച് 3 വരെ മുൻകൂർ ജാമ്യം അനുവദിച്ചു. വൈകിട്ട് അഞ്ച് മണിയോടെ ഹാജരാകാൻ കോടതി ഇമ്രാന് അന്ത്യശാസനം നൽകിയിരുന്നു.