കൊച്ചിയിലെ ഓർഡർ ബോയ് ഇക്രു പിടിയിൽ, നാട്ടുകാരെയും അന്വേഷണ സംഘത്തെയും മണിക്കൂറുകളോളം വലച്ചു

Tuesday 21 February 2023 8:11 AM IST

കൊച്ചി: മയക്കുമരുന്ന് ഓർഡർ അനുസരിച്ച് താമസസ്ഥലങ്ങളിൽ എത്തിച്ച് കൊടുക്കുന്ന രണ്ടുപേർ എറണാകുളത്ത് പിടിയിലായി. കൊല്ലം പരവൂർ സ്വദേശികളായ ഷിനുരാജ് എസ്, ഇക്രു എന്ന് വിളിക്കുന്ന സംഗീത് എസ് എന്നിവരാണ് എറണാകുളം സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 26 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.


60 ഓളം ചെറു പൊതികളിലായി ഇരുവരുടെയും അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പിടികൂടുന്നതിനിടെ എക്‌സൈസ് സംഘത്തെ വെട്ടിച്ച് ഓടിയ സംഗീത് എറണാകുളം കലൂർ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിനകത്ത് കയറി ഒളിച്ചിരുന്നു. എക്‌സൈസ് സംഘവും നാട്ടുകാരും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇയാളെ പിടികിട്ടിയത്. ഇവരുടെ ബജാജ് പൾസർ ബൈക്കിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു.


കലൂർ ഇന്റർനാഷണൽ സ്‌റ്റേഡിയം കേന്ദ്രീകരിച്ച് തമ്പടിച്ചിരിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ വേരറുക്കുക എന്ന ഉദ്ദേശത്തോടെ എറണാകുളം അസ്സി. കമ്മീഷർ ബി. ടെനിമോന്റെ മേൽ നോട്ടത്തിലുള്ള സ്‌പെഷ്യൽ ആക്ഷൻ ടീം ആണ് ഇവരെ പിടികൂടിയത്. കലൂർ സ്‌റ്റേഡിയം പരിസരത്ത് നിന്ന് ഈ മാസം ഇത് വരെ ഏഴ് പേർ ആകെ 50 ഗ്രാമോളം എം.ഡി.എം.എയുമായി സ്‌പെഷ്യൽ ആക്ഷൻ ടീമിന്റെ പിടിയിലായിട്ടുണ്ട്.

മയക്കുമരുന്ന് ഓർഡർ അനുസരിച്ച് താമസസ്ഥലങ്ങളിൽ എത്തിച്ച് കൊടുക്കുന്ന രണ്ട് പേർ എറണാകുളത്ത് പിടിയിലായി. കൊല്ലം പരവൂർ...

Posted by Kerala Excise on Sunday, 19 February 2023