മികച്ച വില്ലനുള്ള ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം സ്വന്തമാക്കി ദുൽഖർ സൽമാൻ

Tuesday 21 February 2023 1:07 PM IST

മികച്ച വില്ലനുള്ള ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ചുപ്പ്' എന്ന സിനിമയിലെ അഭിനയത്തിനാണ് ദുൽഖറിന് പുരസ്കാരം ലഭിച്ചത്.

നെഗറ്റീവ് റോളിലുള്ള നായകനായാണ് സൈക്കോ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചുപ്പ്: റിവഞ്ച് ഒഫ് ദി ആർട്ടിസ്റ്റിൽ ദുൽഖർ അഭിനയിച്ചിട്ടുള്ളത്. ഡാനി എന്ന കഥാപാത്രം ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു. ബൽക്കി സംവിധാനം ചെയ്ത ചിത്രത്തിൽ സണ്ണിഡിയോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ദുൽഖറിന് ലഭിക്കുന്ന ആദ്യ ഹിന്ദി അവാർ‌ഡ് കൂടിയാണിത്. പുരസ്കാരം ലഭിച്ചതിന്റെ സന്തോഷം ദുൽഖർ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു.

'ഹിന്ദിയില്‍ നിന്നുള്ള എന്റെ ആദ്യത്തെ അവാർഡ്. ഒപ്പം നെഗറ്റീവ് റോളിൽ മികച്ച നടനുള്ള എന്റെ ആദ്യ നേട്ടവും. ഈ ബഹുമതിക്ക് ആദ്യം കടപ്പെട്ടിരിക്കുന്നത് ബല്‍ക്കി സാറിനോടാണ്. എന്നെ ഡാനിയായി തിരഞ്ഞെടുത്തതിന്, ക്ഷമയോടെ മാർഗദർശിയായതിന് അദ്ദേഹത്തോടും സഹതാരങ്ങളോടും നന്ദി പറയുന്നു.'- ദുൽഖർ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.