ഏഴരപ്പൊന്നാനയുടെ നാട്ടിൽ ഇനി ഉത്സവമേളം.

Wednesday 22 February 2023 12:31 AM IST

ഏറ്റുമാനൂർ . മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. ഇനി പത്തു ദിനരാത്രങ്ങൾ ഏറ്റുമാനൂരിന് ഉത്സവമേളമാണ്. ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയവിളക്കും 28 നാണ്. ഇന്നലെ രാവിലെ ക്ഷേത്രം തന്ത്രി കണ്‌ഠരര് രാജീവരര്, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ആയിരക്കണക്കിന് ഭക്തർ കൊടിയേറ്റ് ദർശിക്കാനെത്തി. തിരുവരങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ചേർത്തല ഗോവിന്ദൻകുട്ടി സംഗീതസദസ് അവതരിപ്പിച്ചു. എല്ലാ ദിവസവും രാപ്പകൽ ഇടതടവില്ലാതെ തിരുവരങ്ങിൽ നടക്കുന്ന കലാപരിപാടികൾ ഏറ്റുമാനൂർ ഉത്സവത്തിന്റ പ്രതേകതയാണ്. ഇന്ന് മുതൽ ഒൻപതാം ഉത്സവം വരെ രാവിലെ ശ്രീബലി എഴുന്നള്ളത്ത്, ഉച്ചയ്ക്ക് ഉത്സവബലി, വൈകിട്ട് കാഴ്ച ശ്രീബലി, വേലകളി,​ സേവ എന്നിവയുണ്ട്. ഇന്ന് രാത്രി 12 ന് കൊടിക്കീഴിൽ വിളക്ക് നടക്കും. മാർച്ച് ഒന്നിന് രാത്രി 12 ന് പള്ളിവേട്ട,​ മാർച്ച് 2 ന് ആറാട്ടോട് കൂടി ഉത്സവം സമാപിക്കും.

തലയെടുപ്പുള്ള ഗജവീരന്മാർ.

ഇന്നു മുതൽ നടക്കുന്ന ' എഴുന്നള്ളത്തിന് കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാരാണ് അണിനിരക്കുന്നത്. മുല്ലക്കൽ ബാലകൃഷ്ണൻ, ഗുരുവായൂർ നന്ദൻ, പല്ലാട്ട് ബ്രഹ്മദത്തൻ, ഗുരുവായൂർ ചെന്താമരാക്ഷൻ, ഗുരുവായൂർ ഗോപികണ്ണൻ, ചിറക്കാട്ട് അയ്യപ്പൻ ചെമ്മാരപ്പള്ളി മാണിക്യം വായ്പൂര്, മുണ്ടക്കൽ ശിവനന്ദൻ, കോഴിപ്പറമ്പിൽ അയ്യപ്പൻ, ചൈത്രം അച്ചു എന്നിവരാണ് വിവിധ ദിവസങ്ങളിലെ എഴുന്നള്ളിപ്പിന് മിഴിവേകുന്നത്.