ചുട്ടുപൊള്ളി നാരങ്ങ വില കിലോ @ 120
കോട്ടയം: ഒരു മാസം മുമ്പ് കിലോയ്‌ക്ക് 50 രൂപയായിരുന്ന ചെറുനാരങ്ങയ്‌ക്ക് ഇന്നലത്തെ വില 120. വേനൽ കടുത്തതോടെയാണ് നാരങ്ങയുടെ ഡിമാൻഡ് കൂടിയത്. ഒപ്പം വിലയും. കഴിഞ്ഞയാഴ്ച 80 രൂപയായിരുന്നു വില. വരും ദിവസങ്ങളിൾ വില ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഏതാനും ദിവസം കൊണ്ട് നാരങ്ങ വില 200 കടക്കാൻ സാദ്ധ്യതയുണ്ടെന്നും ഇവർ പറയുന്നു.
എന്നാൽ ചൂടുകാലത്ത് വില കൂടുന്ന പതിവുണ്ടെങ്കിലും കുത്തനെ ഉയരുന്നത് വിപണിക്കും തിരിച്ചടിയാകും. തമിഴ്നാട് ചെങ്കോട്ട, പുളിയൻകുടി, മധുര, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് നാരങ്ങ സംസ്ഥാനത്തെത്തിക്കുന്നത്.
ആവശ്യക്കാർ വർദ്ധിച്ചതും ഉത്പാദനം കുറഞ്ഞതുമാണ് വിലകൂടാൻ കാരണമായത്.
ചെറുനാരങ്ങ കടയിൽ നിന്ന് വാങ്ങുമ്പോൾ ഒരെണ്ണത്തിന് കുറഞ്ഞത് പത്തു രൂപയെങ്കിലും ഇനി നൽകണം. ഒപ്പം നാരങ്ങ വെള്ളത്തിനും വില ഉയരും. നിലവിൽ 20 മുതൽ 25 രൂപ വരയൊണ് വില. കഴിഞ്ഞ വർഷവും നാരങ്ങവില വില 200ൽ എത്തിയിരുന്നു.
നാരങ്ങവില വില കിലോയ്‌ക്ക്
കഴിഞ്ഞ മാസം - 50 രൂപ
കഴിഞ്ഞയാഴ്ച - 80
ഇന്നലെ- 120