ബാലനും ​ഗീതയ്‌ക്കും 'ലൈഫിലാണ്" പ്രതീക്ഷ

Wednesday 22 February 2023 12:04 AM IST

കോട്ടയം: കാഴ്ച കനിഞ്ഞില്ലെങ്കിലും ബാലനും ​ഗീതയ്‌ക്കും ഉള്ളിൽ അടങ്ങാത്ത ഒരു മോഹമുണ്ട്. അഞ്ചു വയസുകാരിയായ മകൾക്കൊപ്പം അടച്ചുറപ്പുള്ള വീട്ടിൽ ഒന്ന് അന്തിയുറങ്ങണം. ആ സ്വപ്നസാഫല്യത്തിനായി അവർ മുട്ടാത്ത വാതിലുകളില്ല. പക്ഷേ നിരാശയായിരുന്നു ഫലം. ഒടുവിൽ ലൈഫ് പദ്ധതിയിൽ പ്രതീക്ഷയർപ്പിക്കുകയാണീ കുടുംബം. കോട്ടയം നഗരസഭയ്ക്ക് മുന്നിൽ ലോട്ടറി വിറ്റാണ് ബാലനും ​ഗീതയും ജീവിക്കുന്നത്. ഒപ്പം അഞ്ചു വയസുകാരി മകൾ മനീഷയുമുണ്ടാകും. ലോട്ടറി വിറ്റ് കിട്ടുന്ന തുച്ഛവരുമാനത്തിലാണ് ജീവിക്കുന്നത്. മാസം 3500 - 4000 രൂപയാണ് വീട് വാടക. പിന്നെ മിച്ചമൊന്നുമുണ്ടാകാറില്ല. ദിവസും രണ്ടര കിലോമീറ്റർ യാത്ര ചെയ്താണ് ന​ഗരത്തിലെത്തുന്നത്. സാമ്പത്തികമില്ലാത്തതിനാൽ ബംബർ ലോട്ടറി എടുക്കാറില്ല.

ജന്മനാ കാഴ്ചയില്ലാത്ത ബാലൻ ബി എ ബിരുദധാരിയാണ്. പല ജോലികളും സഭിച്ചെങ്കിലും ശാരീരിക അസ്വസ്ഥത കാരണം തുടരാനായില്ല. കാഞ്ഞിരമറ്റം മഠത്തിൽ വളർന്ന ​ഗീത കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻഡിൽ അം​ഗമായതോടെയാണ് ബാലനെ പരിചയപ്പെടുന്നത്. അന്ന് മുതൽ ഒരുമിച്ചാണ് യാത്ര. നിയമപ്രകാരം വിവാഹം രജി​സ്റ്റർ ചെയ്തു. 22 വർഷമായി വാടക വീടുകളിലാണ് താമസം. 2013ലാണ് ഇരുവരും ലോട്ടറി കച്ചവടം ആരംഭിച്ചത്. അടുത്ത അ​ദ്ധ്യായന വർഷത്തിൽ മകളെ സ്‌കൂളിൽ ചേർക്കാനാണ് ഇരുവരുടെ ആഗ്രഹം.

 രാഷ്ട്രപതിയ്‌ക്കും കത്ത് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നവും പേറി ബാലനും ​ഗീതയും മുട്ടാത്ത വാതിലുകളില്ല. പലരും ഇടയ്ക്ക് സഹായിക്കും. ഇപ്പോൾ ​ഗീത മാത്രമേ ലോട്ടറി വിൽക്കുന്നുള്ളൂ. അതിനിടെ തങ്ങളുടെ അവസ്ഥ വിവരിച്ച് രാഷ്ട്രപതിയ്ക്ക് കത്തയിച്ചിരുന്നു. അതിന് മറുപടിയും ലഭിച്ചു. തുടർന്ന് ജില്ലാ കളക്ടർ മുഖേന മുഖ്യമന്ത്രിക്ക് കൈമാറി. നടപടികൾ പ്രകാരം ലൈഫ് മിഷനിൽ ഉൾപ്പെടുത്തി. വീടെന്ന സ്വപ്നം ലൈഫ് പദ്ധതിയിലൂടെ സഫലകുമെന്ന പ്രതീക്ഷയിലാണീ കുടുംബം.