കത്തുകളില്ല: തപാൽപ്പെട്ടി മാറ്റി

Wednesday 22 February 2023 12:20 AM IST

തൃശൂർ: ഫോണും ഇ- മെയിലും വാട്‌സ് ആപും വ്യാപകമായതോടെ കുറയുന്ന കത്തിടപാടുകളുടെ രക്തസാക്ഷിയായി അവണൂരിലെ തപാൽപ്പെട്ടി. ആരും കത്തിടാതായതോടെ തിങ്കളാഴ്ച തപാൽ വകുപ്പിന്റെ ഉത്തരവനുസരിച്ച് പോസ്റ്റ് വുമൺ വി.കെ. സുജിത തപാൽപ്പെട്ടിയെടുത്ത് അധികൃതരെ ഏൽപ്പിച്ചു.

മൂന്ന് പതിറ്റാണ്ടായി അവണൂർ ആൽത്തറ സ്റ്റോപ്പിൽ ജനാർദ്ദനന്റെ കടയുടെ മുന്നിലായിരുന്നു തപാൽപ്പെട്ടി. താൻ കട തുടങ്ങുമ്പോൾ മുതൽ തപാൽപ്പെട്ടി ഉണ്ടായിരുന്നുവെന്ന് ജനാർദ്ദനൻ പറഞ്ഞു. പരിസരത്തെ കാത്തലിക് സിറിയൻ ബാങ്കിലെ കത്തിടപാടുകൾ ഈ തപാൽപ്പെട്ടി വഴിയാണ് നടന്നിരുന്നത്.

ബാങ്ക് ഓഫീസ് മാറ്റിയതോടെ അത് നിലച്ചു. വ്യക്തികളുടെ കത്തിടപാടും ഇല്ലാതായി. അവണൂർ തെക്കുമുറി സെന്ററിലെ പെട്ടി നിലനിറുത്താൻ തപാൽ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.