ഭരണി മഹോത്സവത്തിന് സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കും

Wednesday 22 February 2023 12:08 AM IST

കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് സുരക്ഷാ സംവിധാനം കുറ്റമറ്റതാക്കാൻ തീരുമാനം. ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തർക്ക് പരിപൂർണ സുരക്ഷയും ശുദ്ധജലം, ഭക്ഷണം എന്നിവയുടെ ലഭ്യതയും ഉറപ്പ് വരുത്തും. മാർച്ച് 18 മുതൽ 25 വരെ ആഘോഷിക്കുന്ന ഭരണി മഹോത്സവത്തിന് മുന്നോടിയായി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.

കോഴിക്കല്ല് മൂടിക്കഴിഞ്ഞാൽ കാവ് തീണ്ടൽ വരെയും കോഴിക്കല്ലിന് 24 മണിക്കൂറും പൊലീസിന്റെയും ദേവസ്വം സെക്യൂരിറ്റിയുടെയും പ്രത്യേക സുരക്ഷ ഒരുക്കും. തുടർന്നുള്ള ദിവസങ്ങളിൽ കുണ്ടറ ക്ഷേത്രത്തിന് ഉൾവശം ഭക്തർ കൂട്ടമായി എത്തുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആവശ്യാനുസരണം പൊലീസ് ഉദ്യോഗസ്ഥരെയും സെക്യൂരിറ്റി ജീവനക്കാരെയും നിയോഗിക്കും. ഭരണിയോട് അനുബന്ധിച്ച് പ്രാതലും ഉച്ചയ്ക്ക് അന്നദാനവും കൂടാതെ സംഭാര ചുക്കുവെള്ള വിതരണവും ദേവസ്വം വകയുണ്ടാകും.

24 മണിക്കൂറും മെഡിക്കൽ ആംബുലൻസിന്റെയും അഗ്നിശമനസേനയുടെയും സേവനം ലഭ്യമാക്കുന്നതിനും തീരുമാനമായി. ക്ഷേത്രവളപ്പിലെ ചെട്ടിക്കുളവും വട്ടക്കുളവും വൃത്തിയാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. മുനിസിപ്പൽ ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി.ഡി. ശോഭന, ഡെപ്യൂട്ടി കമ്മിഷണർ പി. ബിന്ദു, അസി. കമ്മിഷണർ സുനിൽ കർത്ത, തഹസിൽദാർ രേവ, ദേവസ്വം മാനേജർ കെ. വിനോദ്, എക്‌സി. എൻജിനിയർ മനോജ് തുടങ്ങിയവർ പങ്കെടുത്തു.

ഭരണി മഹോത്സവം മാർച്ച് 18 മുതൽ 25 വരെ

സുരക്ഷ, ശുദ്ധജലം, ഭക്ഷണം ഉറപ്പാക്കും

24 മണിക്കൂറും പൊലീസ്, ഫയർ, ആംബുലൻസ്