കുടവൂരിൽ കാട്ടുപന്നികൾ കൃഷികൾ നശിപ്പിച്ചു
Wednesday 22 February 2023 1:50 AM IST
കല്ലമ്പലം: കുടവൂരിൽ കാട്ടുപന്നികൾ കൃഷികൾ നശിപ്പിച്ചു. കുടവൂർ പത്തനാപുരം മന്മദൻ നായരുടെ ഒന്നര ഏക്കറിലെ കൃഷി ഭൂമിയിലാണ് കഴിഞ്ഞ ദിവസം കൂട്ടത്തോടെ എത്തിയ പന്നികൾ വാഴ, മരച്ചീനി, ചേമ്പ് എന്നിവ വ്യാപകമായി നശിപ്പിച്ചത്. ഇതിനു മുൻപും സമാനമായ രീതിയിൽ കൃഷികൾ നശിപ്പിക്കപ്പെട്ടു. അടിയ്ക്കടി കാട്ടുപന്നികളിൽ നിന്നും കൃഷിനാശം സംഭവിക്കുന്നതിൽ ആശങ്കാകുലരാണ് പ്രദേശത്തെ കർഷകർ. ഇവിടെ കൃഷിചെയ്യുന്ന തുളസി എന്ന കർഷകൻ തലനാരിഴയ്ക്കാണ് പന്നികളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. പകൽ സമയങ്ങളിൽ പൊന്തക്കാടുകളിലും തോടുകളിലും മറ്റും മറഞ്ഞിരിക്കുന്ന പന്നികൾ രാത്രിയാണ് കൂട്ടത്തോടെയിറങ്ങി കൃഷികൾ നശിപ്പിക്കുന്നത്. ഇതിനെതിരെ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും നടപടികളില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.