എമ്പുരാനിൽ മഞ്ജു വാര്യരും ടൊവിനോയും
ആഗസ്റ്റ് 15ന് ചിത്രീകരണം
ചലച്ചിത്രപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാൻ ആഗസ്റ്റ് 15ന് ചിത്രീകരണം ആരംഭിക്കും. ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാനിൽ മോഹൻലാലിനൊപ്പം മഞ്ജുവാര്യർ, ടൊവിനോ തോമസ് എന്നിവർ താരനിരയിലുണ്ട്. പൃഥ്വിരാജ് അഭിനയിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല . ലൂസിഫറിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും എമ്പുരാനിൽ ഉണ്ടാകും. താരനിർണയം പൂർത്തിയായിവരുന്നു. സ്റ്റീഫൻ നെടുമ്പള്ളിയായി വീണ്ടും മോഹൻലാൽ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. എപ്പോഴായിരിക്കും ചിത്രീകരണം പൂർത്തിയാകുക എന്നും റിലീസ് എപ്പോഴായിരിക്കുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല. മോഹൻലാലും പൃഥ്വിരാജും അഭിനയിക്കുന്ന സിനിമകളുടെ ജോലികൾ പൂർത്തിയാക്കുന്ന തിരക്കിലാണ്. ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കുകയാണ് മോഹൻലാൽ. പൃഥ്വിരാജ് മറയൂരിൽ വിലായത്ത് ബുദ്ധയിലും. ആറുമാസം നീണ്ട ലൊക്കേഷൻ ഹണ്ട് പൂർത്തിയായി. സംവിധായകൻ പൃഥ്വിരാജ്, ഛായാഗ്രാഹകൻ സുജിത് വാസുദേവ്, കലാസംവിധായകൻ മോഹൻദാസ്, അസോസിയേറ്റ് ഡയറക്ടർ വാവ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലൊക്കേഷൻ ഹണ്ട് നടത്തിയത്. ഇന്ത്യയിൽ ചിത്രീകരണം തുടങ്ങി ആറു രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് പൂർത്തിയാകുക. ദക്ഷിണേന്ത്യൻ സംസ്ഥാനത്താണ് ചിത്രീകരണം .
ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്നവിധമായിരിക്കും പൃഥ്വിരാജ് എമ്പുരാൻ ഒരുക്കുക. മുരളി ഗോപിയാണ് കഥയും തിരക്കഥയും.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. സുരേഷ് ബാലാജിയും ജോർജി പയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട്.