ആയിരം കോടി ക്ളബിൽ പത്താൻ

Wednesday 22 February 2023 6:00 AM IST

ആയിരം കോടി ക്ളബിൽ ഇടം നേടി ഷാരൂഖ് ഖാന്റെ പത്താൻ. റിലീസ് ചെയ്ത് 27-ാം ദിവസം ഏറ്റവും വരുമാനം നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്ത് പത്താൻ എത്തി. ഇന്ത്യയിൽ നിന്ന് മാത്രം പത്താൻ വാരിയത് 620 കോടിയും ഓവർസീസ് കളക്ഷൻ 380 കോടിയും. പ്രശാന്ത് നീലിന്റെ കെജിഎഫ് ചാപ്ടർ 2, രാജമൗലിയുടെ ആർആർആർ, ബാഹുബലി 2 ദ് കൺക്ളൂഷൻ, ആമിർഖാന്റെ ദംഗൽ എന്നിവയാണ് പത്താന്റെ മുന്നിലുള്ള സിനിമകൾ. പത്താനിലൂടെ ഷാരൂഖ് ഖാൻ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യദിനം 57 കോടിയായിരുന്നു കളക്ഷൻ. ഒരു ഹിന്ദി ചിത്രം ഇന്ത്യയിൽനിന്ന് സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനായിരുന്നു ഇത്. റിലീസ് ചെയ്ത ഒമ്പത് ദിവസങ്ങൾ പിന്നിട്ടപ്പോൾ ആഗോളതലത്തിൽ 700 കോടി രൂപയാണ് ചിത്രം നേടി.കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ പണം വാരുന്ന ബോളിവുഡ് ചിത്രമായും പത്താൻ മാറി. ആമിർഖാന്റെ ദംഗലിന്റെ റെക്കോർഡ് ആണ് പത്താൻ തകർത്തത്. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായ പത്താൻ ആക്ഷൻ ത്രില്ലറാണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുകോൺ ആണ് നായിക. ജോൺ എബ്രഹാം പ്രതിനായകനായി എത്തിയ ചിത്രത്തിൽ സൽമാൻഖാൻ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.