എന്ത് മേനോൻ, നായര് ? ജോലി പൂർത്തിയാക്കണം

Wednesday 22 February 2023 6:00 AM IST

സംയുക്തയ്ക്കെതിരെ ഷൈൻ

ബൂമറാംഗ് സിനിമയുടെ പ്രൊമോഷനിൽ പങ്കെടുക്കാത്ത സംയുക്തയ്ക്കെതിരെ ഷൈൻ ടോം ചാക്കോ. മാദ്ധ്യമങ്ങൾക്കു മുന്നിലായിരുന്നു ഷൈനിന്റെ പരസ്യ പ്രതികരണം. പേരിനൊപ്പം ജാതിപ്പേര് ഉപയോഗിക്കില്ലെന്ന സംയുക്തയുടെ പ്രസ്താവന അധികരിച്ചായിരുന്നു ഷൈനിന്റെ പ്രതികരണം. ചെയ്ത സിനിമയുടെ പ്രൊമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ടൊന്നും നന്നായില്ല. എന്ത് മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ളിം ആയാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്തുകാര്യം. മനുഷ്യനെ തിരിച്ചറിയണം. പേരൊക്കെ ഭൂമിയിൽ വന്നതിനുശേഷം കിട്ടുന്നതല്ലേ. ചെറിയ സിനിമകൾക്കൊന്നും അവർ വരില്ല. സഹകരിച്ചവർക്ക് മാത്രമേ നിലനില്പ് ഉണ്ടായിട്ടുള്ളൂ. കമ്മിറ്റ്മെന്റ് ഇല്ലായ്മല്ല. ചെയ്ത ജോലി മോശമായിപ്പോയി എന്ന ചിന്ത കൊണ്ടാകും അവർ വരാത്തത്. ഷൈൻ പറഞ്ഞു. തന്റെ കരിയറിന് ഇൗ പ്രൊമോഷൻ ആവശ്യമില്ലെന്ന നിലപാടിലാണ് സംയുക്ത എന്ന് നിർമ്മാതാവ് പ്രതികരിച്ചു. സിനിമയുടെ എഗ്രിമെന്റിൽ തന്നെ പ്രൊമോഷന് വരണമെന്ന് പറയുന്നുണ്ട്. സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ , ബൈജു സന്തോഷ് , ഡെയ്ൻ ഡേവിഡ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബുമറാംഗ് മനു സുധാകരൻ സംവിധാനം ചെയ്യുന്നു. ഫെബ്രുവരി 24ന് ചിത്രം റിലീസ് ചെയ്യും.