കണ്ണൂരിലേക്ക് കടന്ന് സി.പി.എം. ജനകീയ പ്രതിരോധ ജാഥ : പയ്യന്നൂരിൽ ഉജ്വലസ്വീകരണം

Tuesday 21 February 2023 9:58 PM IST

പയ്യന്നൂർ : വർഗീയതക്കും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കുമെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു. ഇന്നലെ വൈകീട്ട് ജില്ലാ അതിർത്തിയായ കാലിക്കടവിൽ പാർട്ടിയുടെ ജില്ലയിലെ കരുത്തും പയ്യന്നൂരിന്റെ സംഘാടക മികവും വിളിച്ചോതുന്ന വീരോചിത വരവേൽപ്പാണ് പ്രവർത്തകർ ജാഥക്ക് നൽകിയത്. ജാഥ ലീഡർ എം.വി.ഗോവിന്ദനെ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി, ജില്ല സെക്രട്ടറി എം.വി.ജയരാജൻ, ഡി.വൈ.എഫ്.ഐ .ജില്ല സെക്രട്ടറി സരിൻ ശശി എന്നിവർ ഷാളണിയിച്ചു. പി.ജയരാജൻ,ടി.വി.രാജേഷ്, കെ.പി. സഹദേവൻ, എം.സുരേന്ദ്രൻ, ടി.ഐ. മധുസൂദനൻ എം.എൽ.എ,സി. കൃഷ്ണൻ, പി.ശശിധരൻ തുടങ്ങിയവരും ജാഥയെ വരവേൽക്കാൻ ഒപ്പമുണ്ടായിരുന്നു.

തുടർന്ന് 100 ഇരുചക്ര വാഹനങ്ങളുടെയും 25 കാറുകളുടെയും അകമ്പടിയോടെ ആദ്യ സ്വീകരണ കേന്ദ്രമായ പയ്യന്നൂരിലേക്ക് ജാഥയെ വരവേറ്റു. ടൗണിൽ കരിഞ്ചാമുണ്ഡി ക്ഷേത്ര പരിസരത്തു നിന്നും ബാൻഡ് മേളത്തിന്റെയും മറ്റും അകമ്പടിയോടെ തുറന്ന വാഹനത്തിൽ ആയിരക്കണക്കിന് ആളുകൾ ചേർന്ന് സ്വീകരണ സമ്മേളന വേദിയായ ഗവ: ബോയ്‌സ് ഹൈസ്‌കൂൾ സ്‌റ്റേഡിയത്തിലേക്ക് ആനയിച്ചു. സ്വീകരണ സമ്മേളനത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. വി.നാരായണൻ സ്വാഗതം പറഞ്ഞു. പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് വേണ്ടി ടി.വി.രാജേഷ്, പെരിങ്ങോം ഏരിയ കമ്മിറ്റിക്ക് വേണ്ടി കെ.വി. ഗോവിന്ദൻ എന്നിവർ ജാഥ ലീഡറെ ഷാളണിയിച്ചു. വിവിധ ലോക്കൽ കമ്മിറ്റികൾക്ക് വേണ്ടിയും ഷാളണിയിച്ചു.

സ്വീകരണ യോഗത്തിൽ ജാഥാ ലീഡർ എം.വി.ഗോവിന്ദനു പുറമെ അംഗങ്ങളായ എം.സ്വരാജ്, സി.എസ്.സുജാത എന്നിവരും പ്രസംഗിച്ചു. അംഗങ്ങളായ പി.കെ. ബിജു, ജയ്ക് സി തോമസ് എന്നിവരും നേതാക്കളായ പി.കെ.ശ്രീമതി, എം.വി.ജയരാജൻ തുടങ്ങിയവരും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.