തീയിട്ടത് മരിച്ച പ്രകാശ്, റീത്തുണ്ടാക്കിയത് കൃഷ്ണകുമാർ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അറസ്റ്റ്

Wednesday 22 February 2023 1:28 AM IST

തിരുവനന്തപുരം: കുണ്ടമൺ കടവിൽ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ ഒരാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതി കുണ്ടമൺ കടവ് ദേവിനഗർ റസിഡന്റ്സ് അസോസിയേഷൻ 83ൽ മേലെകുഴിവിള വീട്ടിൽ കൃഷ്ണകുമാറാണ് (39) അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി 2022 ജനുവരി മൂന്നിന് ആത്മഹത്യചെയ്തു. രണ്ടാം പ്രതിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഇരിപ്പോട് സ്വദേശി ശബരി ഒളിവിലാണ്. പ്രകാശിന്റെ ആത്മഹത്യാക്കേസിൽ പ്രതിയായ കൃഷ്ണകുമാറിന്റെ മൊഴിയും സംഭവദിവസം ബുള്ളറ്റിലും ബൈക്കിലുമായി ആശ്രമ പരിസരത്ത് ശബരിയുടെയും കൃഷ്ണകുമാറിന്റെയും സാന്നിദ്ധ്യം കണ്ടെത്തിയതുമാണ് കേസിൽ വഴിത്തിരിവായത്.

സംഭവത്തിലുൾപ്പെട്ട ബൈക്ക് പൊളിച്ച് തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതാണ് സന്ദീപാനന്ദഗിരിയോടുള്ള പകയ്ക്കും ആശ്രമത്തിന് നേരെയുള്ള അക്രമത്തിനും കാരണം. ശബരിയെ അറസ്റ്റ് ചെയ്താലേ കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് വ്യക്തമാകൂവെന്ന് ഡിവൈ.എസ്.പി ഷാജി പറഞ്ഞു. കുറ്റസമ്മതശേഷം കൃഷ്ണകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്നലെ വൈകിട്ടോടെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാട്ടാക്കട സബ് ജയിലിൽ റിമാൻഡിലായിരുന്നു കൃഷ്ണകുമാർ. കഴിഞ്ഞ ദിവസം കോടതി മുഖാന്തരം കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു കുറ്റസമ്മതം. അക്രമമുണ്ടായ ദിവസം 'ഷിബു സ്വാമിക്ക് ആദരാഞ്ജലികൾ' എന്ന പേരിൽ ആശ്രമത്തിൽ നിന്ന് കണ്ടെത്തിയ റീത്ത് നിർമ്മിച്ചു നൽകിയത് പൂക്കടയിൽ മാലകെട്ടുകാരനായിരുന്ന കൃഷ്ണകുമാറാണെന്ന് കണ്ടെത്തി.

ഒരുവർഷം മുമ്പ് ആത്മഹത്യചെയ്ത പ്രകാശനാണ് ആശ്രമം കത്തിച്ചതെന്ന് കൃഷ്ണകുമാർ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. കൃത്യത്തിനു മുമ്പ് റീത്ത് നിർമ്മിച്ച് നൽകാൻ പ്രകാശ് ആവശ്യപ്പെട്ടതനുസരിച്ചാണ് റീത്തുണ്ടാക്കിയത്. റീത്ത് പ്രകാശിന് കൈമാറിയശേഷം സംഭവമുണ്ടായതിന് പിന്നാലെ മൂകാംബികയിലേക്ക് പോയെന്നാണ് കൃഷ്ണകുമാറിന്റെ മൊഴി. നാലഞ്ച് ദിവസം മൂകാംബികയിൽ തങ്ങി.സംഭവത്തിൽ തങ്ങൾക്കു നേരെ അന്വേഷണം വരുന്നില്ലെന്ന് ബോദ്ധ്യമായപ്പോഴാണ് തിരിച്ചെത്തിയതെന്നും കൃഷ്ണകുമാർ മൊഴി നൽകി. 2018 നവംബറിലായിരുന്നു കുണ്ടമൺ കടവിലെ ആശ്രമം ആക്രമിച്ചത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് വൈകാതെ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സംഭവത്തിന്റെ ചുരളഴിച്ചത്. തീവയ്പ്പ്, അതിക്രമിച്ച് കടന്ന് നാശനഷ്ടം വരുത്തൽ (ഐ.പി.സി 436, 427)വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ശബരിയുടെ അറസ്റ്റോടെ കേസിൽ ഗൂഢാലോചനയും തെളിവ് നശിപ്പിക്കലുമുൾപ്പെടെ കൂടുതൽ വകുപ്പുകൾ ചുമത്തും.

Advertisement
Advertisement