പദ്ധതികൾ പലതുണ്ട്: 492 അംഗനവാടികൾ വാടകകെട്ടിടത്തിൽ

Tuesday 21 February 2023 10:33 PM IST

കണ്ണൂർ: അംഗനവാടികൾ ആധുനികവത്കരിക്കാൻ ബഡ്ജറ്റിൽ കോടികൾ മാറ്റി വെക്കുമ്പോഴും ജില്ലയിലെ 492 എണ്ണം ഉൾപ്പെടെ സംസ്ഥാനത്ത് 7100 അംഗനവാടികൾ പ്രവർത്തിക്കുന്നത് വാടകകെട്ടിടത്തിൽ. ആകെ 33115 അംഗനവാടികൾ കേരളത്തിലുണ്ട്. ഗ്രാമീണ മേഖലകളിൽ പരമാവധി ആയിരം രൂപയും നഗരങ്ങളിൽ 4000 രൂപയുമാണ് ഓരോ അംഗനവാടിക്കും വാടകയായി നൽകുന്നത്.

അംഗനവാടി വാടകയ്ക്കായി മാസം കോടികളാണ് സർക്കാർ നീക്കുന്നത്. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് വനിത ശിശുക്ഷേമ വകുപ്പിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. 2023-24 സാമ്പത്തിക വർഷം അവസാനിക്കും മുൻപ് സംസ്ഥാനത്തെ മുഴുവൻ അംഗനവാടികൾക്കും സ്വന്തമായ കെട്ടിടം ലഭ്യമാക്കുമെന്നും നടപ്പ് സാമ്പത്തിക വർഷം മുഴുവൻ അംഗനവാടികളെയും വൈദ്യുതീകരിക്കുമെന്നും കഴിഞ്ഞ വർഷം വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് പ്രഖ്യപിച്ചിരുന്നു.

അതേ സമയം സംസ്ഥാനത്ത് 155-ാളം അങ്കണവാടികൾ സ്മാർട്ട് സൗകര്യത്തിലേക്ക് മാറുകയാണ്. കളിസ്ഥലം, ടി.വി,​പൂന്തോട്ടം, ​ഇൻഡോർ, ഔട്ട്‌ഡോർ, ഹാൾ ,പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോർ റൂം തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള കുറച്ച് സ്മാർട് അംഗനവാടികൾ സ്ഥാപിച്ച് അങ്കണനവാടികളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടുകയാണെന്ന ആക്ഷേപമുണ്ട്.

കണ്ണൂരിൽ 492

കണ്ണൂർ ജില്ലയിൽ ആകെയുള്ള 2504 അംഗനവാടികളിൽ 492 എണ്ണം പ്രവർത്തിക്കുന്നത് വാടകകെട്ടിടത്തിൽ. ചില സ്ഥലങ്ങളിൽ സാംസ്‌കാരിക നിലയങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നുണ്ട്. പതിനാല് കെട്ടിടങ്ങളാണ് ഇനി വൈദ്യുതികരിക്കാൻ ബാക്കിയുള്ളത്. രണ്ട് മാസത്തിനുള്ളിൽ വൈദ്യുതീകരണ നടപടികൾ പൂർത്തിയാക്കുമെന്നും കണ്ണൂർ ജില്ല പ്രോഗ്രാം ഓഫീസർ പറഞ്ഞു.

കെട്ടിടത്തിന് പദ്ധതികളുണ്ട്

1 .മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീം(എം.ജി.എൻ.ആർ.ഇ.ജി.എസ്) ഇവിടെ 5 ലക്ഷം രൂപ എം.ജി.എൻ.ആർ.ഇ.ജി മിഷനും 2 ലക്ഷം രൂപ 60:40 എന്ന അനുപാതത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകളും ബാക്കി തുക തദ്ദേശ സ്ഥാപനങ്ങളുമാണ് കണ്ടെത്തേണ്ടത്.

2. സ്മാർട്ട് അംഗനവാടി കെട്ടിട നിർമാണ പദ്ധതി സംസ്ഥാനത്തെ മുഴുവൻ അംഗനവാടികൾക്കും ഏകീകൃത രൂപം വേണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് ലഭ്യമായ സ്ഥലത്തിന് ആനുപാതികമായി ആറ് പ്ലാനുകളും എസ്റ്റിമേറ്റും തയ്യാറാക്കി. ഒരു നിശ്ചിത തുക വകുപ്പും ബാക്കി തുക തദ്ദേശ സ്ഥാപനങ്ങളും കണ്ടെത്തേണ്ട രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

.

'തദ്ദേശ സ്ഥാപനങ്ങൾ തങ്ങളുടെ പദ്ധതി വിഹിതത്തിന്റെ അഞ്ച് ശതമാനമാണ് വനിതാ ശിശുക്ഷേമത്തിനായി മാറ്റിവെക്കേണ്ടത്. സാമ്പത്തികത്തിന്റെ കുറവ് പറഞ്ഞ് പല തദ്ദേശസ്ഥാപനങ്ങളും അംഗനവാടികളെ ഒഴിവാക്കുന്നതായാണ് കാണുന്നത്''

രാജു വാഴക്കാല ,വിവരാവകാശ പ്രവർത്തകൻ