നെടുമ്പാശേരിയിൽ സ്വർണവേട്ട: ചെരിപ്പിൽ ഒളിപ്പിച്ച 85ലക്ഷംരൂപയുടെ സ്വർണം പിടിച്ചു
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ശരീരത്തിലും പാദരക്ഷയിലുമായി ഒളിപ്പിച്ച് കൊണ്ടുവന്ന 85ലക്ഷംരൂപയുടെ അനധികൃത സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി മുഹമ്മദ് പിടിയിലായി.
കാൽപ്പാദത്തിൽ അണിഞ്ഞ ലെതർ ചെരിപ്പിനടിയിൽ അതിവിദഗ്ദ്ധമായി സ്വർണം ഒളിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് സംശയം തോന്നാത്ത വിധത്തിൽ സോൾ ഒട്ടിച്ചു. ഇത് ധരിച്ച് ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിക്കുമ്പോൾ സംശയംതോന്നി ചെരിപ്പ് അഴിപ്പിക്കുകയായിരുന്നു. ചെരിപ്പ് മുറിച്ചുനോക്കിയപ്പോഴാണ് മിശ്രിത രൂപത്തിൽ സ്വർണം കണ്ടെത്തിയത്. തുടർന്ന് കൂടുതൽ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ ദേഹപരിശോധന നടത്തിയപ്പോൾ മലദ്വാരത്തിനകത്തുനിന്നും മൂന്ന് കാപ്‌സ്യൂൾ രൂപത്തിലാക്കിയ സ്വർണവും കണ്ടെടുത്തു. 1871 ഗ്രാം സ്വർണമാണ് കസ്റ്റംസ് കണ്ടെടുത്തത്. ഈയിടെ നടത്തിയ സ്വർണവേട്ടകളിൽ ഒരു വ്യക്തിയിൽനിന്ന് ഇത്രയും അളവ് സ്വർണം കണ്ടെടുത്തത് ഇതാണെന്ന് കസ്റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കി.