കോട്ടൺഹിൽ സ്കൂളിൽ ഇന്ന് റോബോട്ടിക് എക്സിബിഷൻ

Wednesday 22 February 2023 1:53 AM IST

തിരുവനന്തപുരം: കുട്ടികൾ സ്വയം നിർമ്മിച്ച മൂന്ന് റോബോട്ടുകൾ, മൂവിംഗ് കാർ വിത്ത് ബ്ളൂ ടൂത്ത്, ഫാസ്റ്റ് ടാഗ് ഇൻഡിക്കേറ്റർ, ഓട്ടോമാറ്റിക് ഡസ്റ്റ് ബിൻ... തുടങ്ങി 10 റോബോട്ടിക് എക്യുപ്മെന്റുകളുടെ പ്രദർശനം ഇന്ന് കോട്ടൺഹിൽ സ്കൂളിൽ നടക്കും. 6 മുതൽ പ്ളസ് ടു വരെയുള്ള കുട്ടികളിലെ ശാസ്ത്ര അഭിരുചികൾ വളർത്തുന്നതിനായി സ്കൂളുകളിൽ സമഗ്രശിക്ഷാ കേരളം നടപ്പിലാക്കുന്ന ടിങ്കറിംഗ് ലാബിൽ പരിശീലനം നേടിയ എട്ട്, ഒൻപത് ക്ളാസുകളിലെ 16 വിദ്യാർത്ഥികളാണ് തങ്ങളുടെ കണ്ടെത്തലുകളുമായി പ്രദർശനത്തിനെത്തുന്നത്. കോട്ടൺഹിൽ ജി.ജി.എച്ച്.എസ്.എസിൽ നടക്കുന്ന 'റൈസെറ്റ്' റോബോട്ടിക് എക്സിബിഷൻ രാവിലെ 9ന് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. പത്ത് ലക്ഷം രൂപ ചെലവിലാണ് എസ്.എസ്‌.കെ ടിങ്കറിംഗ് ലാബ് സജ്ജമാക്കിയത്. നാലുമാസത്തെ പരിശീലനം കൊണ്ടാണ് കുട്ടികൾ റോബോട്ടിക് ഉപകരണങ്ങൾ സ്വയം നിർമ്മിക്കാൻ പ്രാപ്തരായത്. ഇവർക്ക് സഹായവുമായി രണ്ട് മെന്റർമാരും ആറ് അദ്ധ്യാപകരുമുണ്ടായിരുന്നു. ആറ്, ഏഴ് ക്ളാസുകളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന പരിപാടി 25ന് ആരംഭിക്കും.