മാമാങ്കക്കുതിരകൾ ആടിതിമർത്ത് മച്ചാട് മാമാങ്കം

Wednesday 22 February 2023 12:59 AM IST

വടക്കാഞ്ചേരി: മച്ചാടിന്റെ ഗൃഹാതുരത്വം തുടിക്കുന്ന മാമാങ്കത്തിൽ പൊയ്ക്കുതിരകൾ ആടിത്തിമർത്തപ്പോൾ ആസ്വാദകരുടെ ആവേശം ഉയർന്നത് വാനോളം. കുംഭച്ചൂടിനെ വകവയ്ക്കാതെ തിരുവാണിക്കാവിലെത്തിയത് ആയിരങ്ങൾ.

ഉച്ചയോടെ പൊയ്ക്കുതിരകൾ തിരുവാണിക്കാവ് ലക്ഷ്യമിട്ട് യാത്ര തുടങ്ങി. ആർപ്പുവിളികളോടെ മംഗലം അയ്യപ്പൻ കാവിലെ വെളുത്ത ആൺകുതിര കാവിലെത്തി ക്ഷേത്രം കുതിരയ്ക്കരികിൽ സ്ഥാനം പിടിച്ചു. കരുമത്ര ദേശം ആചാരവെടി മുഴക്കി കുതിരകളെയും കൊണ്ട് കാവിലെത്തി.

മണലിത്തറ ദേശം കുംഭക്കുടവും കുതിരകളുമായി തിരുവാണിക്കാവിലെത്തി. പാർളിക്കാട് ദേശം റോഡ് മാർഗം കുതിരയുമായെത്തി. പിന്നാലെ നാടൻ കലാരൂപങ്ങളായ പൂതൻ, തിറ, ആണ്ടി, നായാടി തുടങ്ങിയവ ക്ഷേത്രത്തിലെത്തി പ്രദക്ഷിണം വച്ചു. തുടർന്ന് പ്രമുഖ കലാകാരന്മാർ അണിനിരന്ന പഞ്ചവാദ്യം അരങ്ങേറി.

പഞ്ചവാദ്യം കൊട്ടിത്തീർത്ത ശേഷം പൊയ്ക്കുതിരകൾ ദേവിക്കു മുന്നിൽ ആട്ടം തീർത്തു. വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, നാദസ്വരം, മണലിത്തറ ദേശക്കുതിരയ്ക്കു മുന്നിൽ ദേശത്തിന്റെ വെളിച്ചെണ്ണ അളവ് എന്നിവയ്ക്ക് ശേഷം പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ച മെഗാ ഗാനമേളയും അരങ്ങേറി.

ഇന്ന് പുലർച്ചെ വടക്കെ നടയിൽ ഇളയത് ഭക്തരെ അരിയും പൂവും വാരി എറിഞ്ഞ് അനുഗ്രഹിക്കുന്നതോടെ മാമാങ്കത്തിന്റെ പ്രധാന ചടങ്ങുകൾ സമാപിക്കും. ഏഴു ദിവസങ്ങളിലായി കൂത്തുമാടത്തിൽ തുളസി കുത്തനൂർ അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്ത് തുടക്കമാകും.