പാന്റ്സിലും അടിവസ്ത്രത്തിലും സ്വർണം പൂശി വന്നു, അറസ്റ്റിലായി,പിടിച്ചത് ഒരു കോടിയുടെ സ്വർണം
മലപ്പുറം: ദുബായിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പൂശിയ പാന്റ്സും ബനിയനും അടിവസ്‌ത്രവും ധരിച്ചെത്തിയ വടകര സ്വദേശി കെ.എം.മുഹമ്മദ് സഫ്‌വാനെ (37) കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഇന്നലെ രാവിലെ 8.30ന് ഇൻഡിഗോ വിമാനത്തിലെത്തി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ സഫ്‌വാനെ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പിടികൂടിയത്.
വസ്‌ത്രത്തിന്റെ ഉൾഭാഗത്ത് സ്വർണ മിശ്രിതം തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു. ഈ വസ്ത്ര ഭാഗങ്ങൾ മുറിച്ചെടുത്ത് തൂക്കിയപ്പോൾ 2.205 കിലോ ! വസ്ത്രത്തിൽ നിന്ന് 1.75 കിലോ സ്വർണം വേർതിരിച്ചെടുക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും സ്വർണത്തിന് ഒരു കോടിയോളം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.
വസ്‌ത്രത്തിൽ തേച്ചു പിടിപ്പിച്ച് സ്വർണം കടത്തുന്നത് ആദ്യമാണെന്ന് കരുതുന്നു. ഈ വർഷം കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടികൂടുന്ന പന്ത്രണ്ടാമത്തെ സ്വർണക്കടത്ത് കേസാണിത്.