കട അടയ്‌ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം: എസ്.ഐ അടക്കം മൂന്ന് പേർക്ക് മർദ്ദനം

Wednesday 22 February 2023 1:21 AM IST

ബാലരാമപുരം: കട അടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ബാലരാമപുരം എസ്.ഐയടക്കം മൂന്ന് പേർക്ക് മർദ്ദനമേറ്റു. എസ്.ഐ അജിത്കുമാർ(45)​,​ സി.പി.ഒ ശ്രീകാന്ത് (38 )​,​ വണിഗർ തെരുവ് ലക്ഷം വീട് കോളനിയിൽ ശ്രീകുമാർ(49)​ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ബാലരാമപുരം ഐത്തിയൂർ റിയാസ് മൻസിലിൽ ബിനുഖാൻ (42)​,​ കടയിലെ ജീവനക്കാരായ തിരുനേൽവേലി സ്വദേശികളായ സെൽവം (26)​,​ വീരൻ (25)​ എന്നിവർ അറസ്റ്റിലായി. തലയൽ ശിവക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര കടന്നുപോയതിനു പിന്നാലെ ബാലരാമപുരം ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. പൊലീസ് പറയുന്നത്: രാത്രി 12ന് ശേഷം കടകൾ പ്രവർത്തിക്കാൻ പാടില്ലെന്ന് പൊലീസ് നിർദ്ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ച കേസിൽ അറസ്റ്രിലായ ബിനുഖാനോട് കട അടയ്‌ക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകിയതിനു പിന്നാലെ സ്ഥലത്തുണ്ടായിരുന്ന വണിഗർ തെരുവ് ശ്രീകുമാർ കട അടയ്‌ക്കുന്നില്ലേയെന്ന് ചോദിച്ചു. ഇതിൽ പ്രകോപിതനായ ബിനുഖാൻ ത്രാസുംപടി കൊണ്ട് ശ്രീകുമാരന്റെ മുഖത്തടിച്ചു. തലക്ക് പരിക്കേറ്റ ഇദ്ദേഹം ബാലരാമപുരം പൊലീസിൽ പരാതി നൽകി.​ സ്ഥലത്തെത്തിയെ പൊലീസ് സംഘം അക്രമികളെ പിടികൂടുന്നതിനിടെ എസ്.ഐയെയും സി.പി.ഒയെയും കടയുടമയും ജീവനക്കാരും ചേർന്ന് മർദ്ദിച്ചു. ജീപ്പിൽ കയറ്റുന്നതിനിടെ ഡ്രൈവർ സീറ്റ് വഴി പുറത്തുചാടിയ പ്രതികൾ ജീപ്പിലുണ്ടായിരുന്ന തടിക്കട്ട ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. എസ്. ഐക്ക് നെഞ്ചിലും ഇടത് കാൽ മുട്ടിനും സി. പി.ഒയ്‌ക്ക് വലത് കൈക്കുഴയ്ക്കും ഇടത് കാലിനും പരിക്കേറ്റു. കൂടുതൽ പൊലീസെത്തിയാണ് അക്രമികളെ കീഴടക്കി കസ്റ്റഡിയിലെടുത്തത്. ശ്രീകുമാർ നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
Advertisement