ഒരു മൂട്ടിൽ നിന്ന് പ്രസന്നന് കിട്ടിയത് 150 കിലോ കാച്ചിൽ

Wednesday 22 February 2023 1:36 AM IST

തിരുവനന്തപുരം: റിട്ടയർ ചെയ്തപ്പോൾ എസ്.ഐ ജി. പ്രസന്നൻ നേരമ്പോക്കിന് തുടങ്ങിയതാണ് മട്ടുപ്പാവിൽ പച്ചക്കറികൃഷി. വിഷപച്ചക്കറി തിന്ന് മടുത്തപ്പോഴാണ് പ്രസന്നൻ ജൈവകൃഷിയിലേക്ക് തിരിഞ്ഞത്. നട്ടതെല്ലാം പൊന്നായതോടെ പ്രസന്നൻ മട്ടപ്പാവിൽ മാത്രമല്ല, വീടിന് ചുറ്റുമുള്ള ചെറിയ സ്ഥലത്തും കൃഷിയിറക്കി. ഇത്തവണ കാച്ചിൽ വിളവെടുത്തപ്പോൾ കിട്ടിയത് ഒരു മൂട്ടിൽ നിന്ന് 150 കിലോ . അതിശയകരമായ വിളവെടുപ്പിറിഞ്ഞ് കേന്ദ്ര കിഴങ്ങുഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള ശാസ്ത്രജ്ഞർ എത്തി പ്രസന്നനെ ആദരിച്ചു.ആഫ്രിക്കൻ കാച്ചിൽ വർഗത്തിൽപ്പെട്ട ശ്രീസുഭ്ര ഇനമായിരുന്നു പ്രസന്നൻ കൃഷിയിറക്കിയത്. വിളവെടുത്ത കാച്ചിൽ കൃഷി വകുപ്പ് നടപ്പാക്കുന്ന വൈഗയിൽ പ്രദർശിപ്പിക്കാനൊരുങ്ങുകയാണ്.

ഉള്ളൂർ ബാപ്പുജി നഗറിലാണ് പ്രസന്നന്റെ വീട്. വീടും പരിസരവുമെല്ലാം വിവിധയിനം ജൈവപച്ചക്കറിയാൽ സമൃദ്ധമാണ്.ഗ്രോ ബാഗ്,ചട്ടി, ചാക്ക്, കുട്ട, ടയർ തുടങ്ങിയവയിലെല്ലാമാണ് വളർത്തുന്നത്.ടെറസിൽ ഡ്രാഗൺ ഫ്രൂട്ട്,പാഷൻ ഫ്രൂട്ട്,കുമ്പളം, പാവൽ,പടവലം,കോവൽ,അടതാപ്പ് തുടങ്ങിയവ നട്ടുവളർത്തിയിട്ടുണ്ട്. വീടിന് ചുറ്റും കൂവ,മുളകിഴങ്ങ്,കരിമഞ്ഞൾ,കസ്തൂരി മഞ്ഞൾ എന്നിവ നട്ടിട്ടുണ്ട്. ടെറസിൽ 50 ഓളം ചട്ടികളിലായി രക്തശാലി, പ്രത്യാശ ഇനത്തിൽപ്പെട്ട നെല്ലിനങ്ങളും കൃഷിചെയ്തിട്ടുണ്ട്. ചാണകപ്പൊടിയും ഹൃദയാമൃതവുമാണ് വളം. 2019 ൽ മികച്ച മട്ടുപ്പാവ് കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും പ്രസന്നന് ലഭിച്ചിട്ടുണ്ട്. മുൻപ് മട്ടുപ്പാവിൽ 60 സെന്റിമീറ്റർ വലിപ്പമുള്ള ചതുരപ്പയർ വിളയിച്ച് റെക്കാഡ് സ്ഥാപിച്ചയാളാണ് പ്രസന്നൻ.