കാപ്പിയിൽ കൈയൊപ്പിട്ട ജസീം കോഫി ഒളിമ്പിക്‌സിന്

Wednesday 22 February 2023 12:56 AM IST

കൊച്ചി​: കോഫി ​മേക്കർമാരുടെ ലോക ഒളി​മ്പി​ക്സായ വേൾഡ് ബരീസ്റ്റ ചാമ്പ്യൻഷി​പ്പി​ൽ ​ ഇന്ത്യയുടെ പ്രതി​നി​ധി മലയാളി​ സോഫ്റ്റ്‌വെയർ എൻജിനീയർ ജസീം അബ്ബാസ്. കഴി​ഞ്ഞയാഴ്ച ബംഗളൂരുവിൽ നടന്ന നാഷണൽ ബരീസ്റ്റ ചാമ്പ്യൻഷിപ്പിൽ ജസീമിന്റെ സിഗ്നേച്ചർ കാപ്പി 63 പേരെ പിന്തള്ളി ബെസ്റ്റ് സിഗ്നേച്ചർ ബിവറേജ് അവാർഡ് നേടിയിരുന്നു. ഈ വിജയം നേടുന്ന ആദ്യ മലയാളി​​യാണ് കണ്ണൂർ സ്വദേശിയായ ഈ 30കാരൻ. സിഗ്നേച്ചർ കാപ്പിയിൽ മനോധർമ്മം പോലെ എന്തും ചേർക്കാം. ജൈവവസ്തുക്കൾ മാത്രമാണ് ജസീം ചേർത്തത്.

ജസീമിന് കാപ്പി​യോട് പ്രി​യമൊന്നും ഇല്ലായിരുന്നു. രണ്ട് വർഷം മുമ്പ് ബംഗളൂരുവി​ലെ സ്പെഷ്യാലിറ്റി​ കോഫി​ ഷോപ്പി​ൽ കുടിച്ച കാപ്പി​യുടെ രുചിയങ്ങ് പി​ടി​ച്ചു. അതേ രുചി​യി​ൽ കാപ്പി​യുണ്ടാക്കാനുള്ള ശ്രമങ്ങൾ ജസീമിനെ രാജ്യത്തെ ഏറ്റവും മി​കച്ച ഹോം ബരീസ്റ്റയാക്കി​​. കാപ്പി​യി​ൽ പരീക്ഷണങ്ങൾ നടത്തി​. അനുജൻ അജ്സൽ സഹായിയായി​. രണ്ട് വർഷം യൂട്യൂബി​ലൂടെ സ്പെഷ്യാലി​റ്റി​ കാപ്പി ഗവേഷണം. കഴി​ഞ്ഞ വർഷം ആദ്യമായി ബരീസ്റ്റ ചാമ്പ്യൻഷി​പ്പി​ൽ പങ്കെടുത്തു. ഇക്കുറി​ ചാമ്പ്യനുമായി​.

മംഗലാപുരത്ത് എൻജിനീയറിംഗ് പഠനവും ബിറ്റ്സ് പിലാനിയിൽ പി.ജിയും കഴിഞ്ഞശേഷം ഒമ്പത് വർഷമായി ജ്യേഷ്ഠൻ ബാസൽ അബ്ബാസുമൊത്ത് ബംഗളൂരുവിൽ ക്ളോക്ക്‌ഇറ്റ് എന്ന സോഫ്റ്റ്‌വെയർ കമ്പനി നടത്തുകയാണ്. മാടായി പഴയങ്ങാടി ചൈനാ ക്ളേ റോഡ് ഫാത്തിമയിൽ അബ്ബാസിന്റെയും ആബിദയുടെയും മകനാണ്. അവിവാഹിതനാണ്.

മത്സരത്തിൽ മൂന്നിനം കാപ്പി

ഗ്രീസിലെ ഏഥൻസിൽ ജൂണിലാണ് വേൾഡ് ബരീസ്റ്റ ചാമ്പ്യൻഷിപ്പ്.

കോഫിമെഷീനിൽ മൂന്ന് തരം കാപ്പി​ ഉണ്ടാക്കണം. റോസ്റ്റ് ചെയ്ത കാപ്പി മാത്രമേ ഉപയോഗിക്കാവൂ. കടുപ്പമുള്ള കാപ്പിയുണ്ടാക്കുന്ന ഇറ്റാലിയൻ രീതിയായ എസ്‌പ്രസോ വിഭാഗത്തിൽ കാപ്പി​യും വെള്ളവും മാത്രം.

മിൽക്ക് ബിവറേജിൽ കാപ്പി​പ്പൊടി​യും പാലും മാത്രം.സിഗ്നേച്ചർ വിഭാഗത്തിൽ ഇഷ്ടമുള്ളതെന്തും കാപ്പി​യിൽ ചേർക്കാം. ഇതി​ലാണ് ജസീമിന്റെ മേൽക്കൈ.

 50 മത്സരാർത്ഥികൾ

 രുചി, വൃത്തി, അവതരണം വിലയിരുത്തും.

15 മിനിറ്റ് വീതമുള്ള മൂന്ന് റൗണ്ടാണ് മത്സരം

ആദ്യ റൗണ്ടിൽ നിന്ന് 15 പേർ സെമിയിൽ

ആറ് പേർ ഫൈനലിൽ

അതിലൊരാൾ ലോക ചാമ്പ്യനാവും

കോഫി കലാകാരൻ

ബരീസ്റ്റ ഇറ്റാലിയൻ പദമാണ്. വിവിധ തരം കാപ്പിയെ പറ്റി നല്ല അറിവുള്ള, നന്നായി കാപ്പിയുണ്ടാക്കി, അലങ്കരിച്ച്, വിളമ്പുന്ന ആളാണ് ബരീസ്റ്റ.

യാദൃച്ഛികമായി ഈ രംഗത്തെത്തിയതാണ്. കാപ്പി റോസ്റ്റ് ചെയ്ത് നൽകുന്നവരുൾപ്പെടെ നിരവധി പേർ വിജയത്തിന് പിന്നിലുണ്ട്.

ജസീം അബ്ബാസ്

Advertisement
Advertisement