പുതിയ കടൽപ്പാലത്തിന് നിയമത്തിന്റെ തട
ആലപ്പുഴ : പൈതൃക പദ്ധതിയുടെ ഭാഗമായി പുതിയ കടൽപ്പാലം നിർമ്മാണം തീരദേശ പരിപാലന നിയമനത്തിൽ തട്ടി വൈകുന്നു. പാലം നിർമ്മിക്കുന്നതിനുള്ള 19.90കോടിയുടെ ടെൻഡർ അംഗീകരിക്കാൻ കഴിയാതെ അധികൃതർ. സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടിത്തിയിട്ടും തുറമുഖ വകുപ്പിന് തീരപരിപാലന അതോറിട്ടി നിർമ്മാണത്തിന് അനുതി നൽകിയില്ല. സാമ്പത്തിക പ്രതിസന്ധിയിൽ മരണ മണി മുഴങ്ങുന്ന കിഫ്ബി പദ്ധതിയായതിനാൽ ആശങ്കയിലാണ് സഞ്ചാരികളും പ്രദേശവാസികളും. കഴിഞ്ഞ ഡിസംബറിൽ നൽകിയ ടെണ്ടർ ആണ് ഇറപ്പിക്കാൻ കഴിയാത്തത്. പുതിയ നിർമ്മാണ പ്രവർത്തനത്തിന് തീരദേശ പരിപാലന സമിയുടെ അനുമതി ലഭിക്കാത്തതാണ് സാങ്കേതിക തടസം. സർക്കാരിന്റെ അനുമതിയോടെ കരാർ ഉറപ്പിച്ചാൽ അഞ്ച് ആഴ്ചയ്ക്കുള്ളിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ടെണ്ടറിൽ ഒരു കരാറുകാരൻ മാത്രമേ പങ്കെടുത്തിട്ടുള്ളൂ. രണ്ട് തവണ റീടെണ്ടർ വിളിച്ചെങ്കിലും കൂടുതൽ പേർ എത്താത്തതിനാൽ നിലവിൽ പങ്കെടുത്തയാളുടെ രേഖകൾ ഹാജരാക്കിയെങ്കിലും കരാർ ഉറപ്പിക്കാൻ സാങ്കേതിക തടസം മൂലം അധികൃതർക്ക് കഴിഞ്ഞില്ല. പഴയ കടൽപ്പാലം നിലനിർത്തിയുള്ള നിർമ്മാണത്തിന് കിഫ്ബിയിൽ നിന്ന് ആദ്യം14.26 കോടി രൂപ അനുവദിച്ചിരുന്നു. സാധനസാമഗ്രികളുടെ വില വർദ്ധിച്ചതിനാൽ പിന്നീട് എസ്റ്റിമേറ്റ് 22കോടിരൂപയായി വർദ്ധിപ്പിച്ചു.
എത്തുമോ കപ്പൽ
ഉപ്പുകാറ്റേറ്റ് പാലം തുരുമ്പെടുക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി, ഒരു വർഷത്തിനുള്ളിൽ പാലം നിർമ്മാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. മറ്റ് തുറമുഖങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ടൂറിസ്റ്റ് സർവീസിന് യാത്രക്കപ്പൽ ആലപ്പുഴയിൽ എത്തിക്കാനാണ് ലക്ഷ്യം. നിലവിലെ കടൽപ്പാലത്തിന് സമാന്തരമായിട്ടാണ് പുതിയ പാലം നിർമ്മിക്കുന്നത്. ടൂറിസത്തിന് പുതിയ പ്രാധാന്യം കൈവന്നതോടെ ആലപ്പുഴ നിവാസികൾ വലിയ പ്രതീക്ഷയോടെയാണ് പാലം നിർമാണത്തെ കാണുന്നത്.
പുതിയ കടൽപ്പാലത്തിന്റെ നിർമ്മാണ ചെലവ് : 22കോടി
വരുന്ന സംവിധാനങ്ങൾ
വിശ്രമകേന്ദ്രങ്ങൾ
പാർക്ക്
സൈക്കിൾ ട്രാക്ക്
നടപ്പാത
പുതിയ കടൽപ്പാലം
നീളം ............................... 420മീറ്റർ
വീതി ............................... 4.5മീറ്റർ
'തീരപരിപാലന സമിതിയുടെ അംഗീകാരം ലഭിച്ചാൽ വേഗതയിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കും.
- മനോജ്, എം.ഡി, പൈതൃക പദ്ധതി