രാജീവിന്റേത് ഇടതുപക്ഷ നിലപാടല്ല : ആഞ്ചലോസ്

Wednesday 22 February 2023 12:26 AM IST
കേരളാ സ്‌റ്റേറ്റ് സ്മാൾ സ്‌കെയിൽ കയർ മാനുഫാക്ചറേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലുള്ള പദയാത്ര കയർ കോർപ്പറേഷന് മുന്നിൽ ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: കയർ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മന്ത്രി പി.രാജീവ് സ്വീകരിക്കുന്നത് ഇടതുപക്ഷ നിലപാടല്ലെന്ന് സി.പി.ഐ.ജില്ലാ സെക്രട്ടറി ടി. ജെ.ആഞ്ചലോസ് പറഞ്ഞു. കേരളാ സ്റ്റേറ്റ് സ്മാൾ സ്‌കെയിൽ കയർ മാനുഫാക്ചറേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ വയലാറിൽ നിന്നും ആരംഭിച്ച കാൽ പദയാത്ര കയർ കോർപ്പറേഷന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുകിട ഉത്പാദകരുടെ സഹകരണ സംഘങ്ങളിലും ചെറുകിട ഫാക്ടറികളിലുമായി 30 കോടി രൂപയുടെ ഉത്പ്പന്നങ്ങൾ കെട്ടി കിടക്കുന്നു. ഇവരുടെ പക്കൽ നിന്നും ഉത്പ്പന്നങ്ങൾ വാങ്ങിയ ഇനത്തിൽ കയർ കോർപ്പറേഷൻ 20 കോടിയോളം രൂപ നൽകാനുണ്ട്. കയർ വ്യവസായ പുരോഗതിയെ ലക്ഷ്യമാക്കി ടി.വി.തോമസ് ആവിഷ്‌ക്കരിച്ച കയർ വ്യവസായ പു:നസംഘടനാ റിപ്പോർട്ടും, തച്ചടി പ്രഭാകരൻ, ആനത്തലവട്ടം ആനന്ദൻ തുടങ്ങിയവരുടെ റിപ്പോർട്ടും നടപ്പിലാക്കേണ്ടതിന് പകരം പുതിയ വിദഗ്ദ്ധ സമിതിയെ നിയമിച്ച നടപടി അംഗീകരിക്കാനാകില്ലെന്നും ആഞ്ചലോസ് പറഞ്ഞു. ഫെഡറേഷൻ പ്രസിഡന്റ് എം.പി. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്‌ടൻൻ ഡി. സനൽകുമാർ , വൈ ക്യാപ്‌ടൻ കെ.വി.സതീശൻ, ഡയറക്ടർ പി.പി.ബിനു, എൻ.വി. തമ്പി, എം.ജി.സിദ്ധാർത്ഥൻ, എൻ.ആർ. മനോഹരൻ, ഡി. ദിപു, പി.കെ.പ്രകാശൻ, ഇ .ഡി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.