സിംഗപ്പൂരുമായി ഉഭയകക്ഷി ചർച്ച; സന്ദർശനം പൂർത്തിയാക്കി വി മുരളീധരൻ

Wednesday 22 February 2023 2:25 AM IST

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ സിംഗപ്പൂർ സന്ദർശനം പൂർത്തിയായി. സിംഗപ്പൂർവിദേശകാര്യ സഹമന്ത്രി ഡോ. മാലിക്കി ബിൻ ഉസ്മാനുമായി ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പ്രവാസിക്ഷേമത്തെക്കുറിച്ചും മുരളീധരൻ ചർച്ച നടത്തി. ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സമൂഹം ഒരുക്കിയ കലാവിരുന്നിലും വി. മുരളീധരൻ പങ്കെടുത്തു.

ഇന്ത്യയും സിംഗപ്പൂരും തമ്മിൽ ആഴത്തിൽ തുടരുന്ന ബന്ധം സമ്പന്നമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രവാസികളെ മന്ത്രി അഭിനന്ദിച്ചു. പ്രവാസികളുടെ ആവശ്യങ്ങളും ആശങ്കകളും മനസ്സിലാക്കാൻ കൂടിക്കാഴ്ച സഹായകരമായെന്ന് മന്ത്രി പറഞ്ഞു. സിംഗപ്പൂരിലെ ഹിന്ദു എൻഡോവ്‌മെന്റ് ബോർഡ് അംഗങ്ങളെയും മന്ത്രി കണ്ടു. ശ്രീനിവാസ പെരുമാൾ ക്ഷേത്രത്തിലും മുരളീധരൻ ദർശനം നടത്തി. സിംഗപ്പൂരിലെ ഐ.എൻ.എ സ്മാരകത്തിൽ മന്ത്രി പുഷ്പാഞ്ജലി അർപ്പിച്ചു.