എം പിമാർക്കെതിരെ നടപടി; പ്രിവിലേജ് കമ്മിറ്റിക്ക് ശുപാർശ നൽകി രാജ്യസഭാ അദ്ധ്യക്ഷൻ

Wednesday 22 February 2023 2:26 AM IST

ന്യൂഡൽഹി: ബഡ്‌ജറ്റ് സമ്മേളനത്തിനിടെ അദാനി വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ്, ആംആദ്‌മി എം.പിമാർക്കെതിരെ നടപടിയെടുക്കാൻ പ്രിവിലേജ് കമ്മിറ്റിക്ക് ശുപാർശ ചെയ്‌ത് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പി ജെബി മേത്തർ അടക്കം 12 പേർക്കെതിരെയാണ് ശുപാർശ നല്കിയത്.

തന്റെ മുന്നറിയിപ്പ് ലംഘിച്ച് മുദ്രാവാക്യം വിളിയോടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച എം.പിമാർ അവകാശ ലംഘനം നടത്തിയെന്ന് അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി.

അംഗങ്ങളുടെ നടപടി മൂലം സഭാ നടപടികൾ പലതവണ തടസപ്പെട്ടെന്നും 203-ാം ചട്ടം പ്രകാരം പ്രിവിലേജുകളുടെ കമ്മിറ്റിക്ക് പരിശോധനയ്‌ക്കായി അദ്ധ്യക്ഷൻ ശുപർാശ ചെയ്‌തെന്നും രാജ്യസഭ ബുള്ളറ്റിനിൽ പറയുന്നു.

സഞ്ജയ് സിംഗ്, ശക്തിസിൻഹ് ഗോഹിൽ, സുശീൽ കുമാർ ഗുപ്ത, സന്ദീപ് കുമാർ പതക്, നരൻഭായ് ജെ രത്വ, സയ്യിദ് നാസിർ ഹുസൈൻ, കുമാർ കേത്കർ, ഇമ്രാൻ പ്രതാപഗർഹി, എൽ ഹനുമന്തയ്യ, ഫൂലോ ദേവി നേതം, രഞ്ജീത് രഞ്ജൻ എന്നിവരാണ് പട്ടികയിലുള്ള മറ്റ് എംപിമാർ.

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പങ്കിട്ടതിന് കോൺഗ്രസ് എംപി രജനി പാട്ടീലിനെ അദ്ധ്യക്ഷൻ സസ്‌പെൻഡ് ചെയ്തിരുന്നു. ഇടവേളയ്‌ക്ക് ശേഷം ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാർച്ച് 13മുതൽ ഏപ്രിൽ 6 വരെയാണ് നടക്കുക.

Advertisement
Advertisement