മാർക്ക് ഷീറ്റ് വൈകി; പ്രിൻസിപ്പലിനെ തീ കൊളുത്തി പൂർവ വിദ്യാർത്ഥി

Wednesday 22 February 2023 2:28 AM IST

ഭോപ്പാൽ: മാർക്ക് ലിസ്റ്ര് നല്കാൻ വൈകിയതിന് പൂർവ വിദ്യർത്ഥി പ്രിൻസിപ്പലിനെ പെട്രോളൊഴിച്ച് തീകൊളുത്തി. മദ്ധ്യപ്രദേശ് ഇൻഡോറിലെ ബി.എം ഫാർമസി കോളേജിലാണ് സംഭവം. കോളേജിലെ മുൻ വിദ്യാർത്ഥി അശുതോഷ് ശ്രീവാസ്തവയാണ് (22) പ്രിൻസിപ്പൽ വിമുക്ത ശർമ്മയെ (50) തീകൊളുത്തിയത്. ഉടൻതന്നെ കോളേജ് ജീവനക്കാർ തീയണച്ച് പ്രിൻസിപ്പലിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ വിമുക്ത ശർമ്മ ഗുരുതരാവസ്ഥയിലാണ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കോളേജിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങാൻ കാറിലേയ്ക്ക് കയറുന്നതിനിടെ അശുതോഷ് പ്രിൻസിപ്പലിനോട് മാർക്ക് ഷീറ്റ് ആവശ്യപ്പെടുകയും ഇരുവരും രൂക്ഷമായ തർക്കത്തിലേയ്ക്ക് എത്തുകയും ചെയ്തു. ഇതിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ പ്രിൻസിപ്പലിന്റെ മേൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അശുതോഷിനും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം വെള്ളച്ചാട്ടത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷിച്ചു. കോളേജിലെ മറ്റൊരു അദ്ധ്യാപകനെ കത്തികൊണ്ട് ആക്രമിച്ചതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് അശുതോഷ് അറസ്റ്റിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യം ലഭിച്ച് ഇയാൾ ജയിൽ മോചിതനായത്.

കഴിഞ്ഞ വർഷം രണ്ട് വിഷയങ്ങളിൽ അശുതോഷ് പരാജയപ്പെട്ടിരുന്നു. വിഷയങ്ങൾ എഴുതി എടുത്ത ശേഷം ഇതിന്റെ മാർക്ക് ലിസ്റ്റ് ആവശ്യപ്പെട്ടാണ് കോളേജിലെത്തിയത്. എന്നാൽ മൂന്ന് മാസങ്ങൾക്കു മുമ്പ് മാർക്ക് ലിസ്റ്റ് വന്ന കാര്യം കുടുംബത്തെ അറിയിച്ചതാണെന്നും അശുതോഷ് കുടുംബവുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

Advertisement
Advertisement