നിർമിത ബുദ്ധിയിലേക്ക് സുപ്രീംകോടതി

Wednesday 22 February 2023 2:31 AM IST

ന്യൂ ഡൽഹി: നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്) വിശാല സാധ്യതകളിലേക്ക് സുപ്രീംകോടതി. കോടതിയിൽ നടക്കുന്ന വാദമുഖങ്ങൾ നിർമിത ബുദ്ധിയുടെ സഹായത്തോടെ രേഖകളാക്കി സൂക്ഷിച്ചു വയ‌്‌ക്കുന്നതിനുളള പരീക്ഷണത്തിന് തുടക്കമിട്ടു. ഇന്നലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന് മുന്നിൽ നടന്ന വാദമുഖങ്ങളിലാണ് പരീക്ഷണത്തിന് തുടക്കമിട്ടത്. കോടതി നടപടികളുടെ തൽസമയ സ്ട്രീമിങ്ങിന്റെ സ്ക്രീനിൽ വാദമുഖങ്ങൾ എഴുതികാണിക്കുന്നതും പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങി. നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗ് സംവിധാനം ഉപയോഗിച്ചാണിത്.

അഭിഭാഷകർക്ക് അവരുടെ വാദമുഖങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കാൻ അവസരം നൽകിയ ശേഷം സുപ്രീംകോടതി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും. വലിയ മുതൽക്കൂട്ടാണെന്നാണ് പുതിയ സംവിധാനത്തെ കുറിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂ‌ഡ് പറഞ്ഞത്. ജഡ്‌ജിമാർക്കും അഭിഭാഷകർക്കും നിയമവിദ്യാർത്ഥികൾക്കും സംവിധാനം ഗുണം ചെയ്യുമെന്ന് കൂട്ടിച്ചേർത്തു.