ഉദ്യോഗസ്ഥ പോരിൽ നടപടി ഇരുവരെയും സ്ഥലംമാറ്റി

Wednesday 22 February 2023 2:36 AM IST

ന്യൂഡൽഹി: സംസ്ഥാനത്തെ നാണം കെടുത്തിയ വനിത ഐ.പി.എസ് ഐ.എ.എസ് പോരിൽ നടപടിയെടുത്ത് കർണ്ണാടക സർക്കാർ. ആരോപണവിധേയരായ ഐ.പി.എസ് ഉധ്യോഗസ്ഥ ഡി.രൂപ മൗഡ്ഗിലിനെയും ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരി യെയും സ്ഥലം മാറ്റി. ദേവസ്വം കമ്മിഷണർ സ്ഥാനത്തു നിന്ന് ഡി.രൂപയെയും കരകൗശല വികസന കോർപ്പറേഷൻ സ്ഥാനത്ത് നിന്ന് രോഹിണിയെയും നീക്കിയതായി അധികൃതർ അറിയിച്ചു. എന്നാൽ പുതിയ ചുമതലകളൊന്നും നല്‌കിയിട്ടില്ല. കഴിഞ്ഞ ദിവസം ഇരുവരും ചീഫ് സെക്രട്ടറിയെ കണ്ട് പരാതി നല്കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ഇവരുടെ മോശം പെരുമാറ്റത്തിൽ ക്ഷുഭിതനായ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്കിയിരുന്നു. രൂപ സമൂഹ മാദ്ധ്യമങ്ങളിലൂടെ രോഹിണിയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ പോര് അതിരു കടന്ന സാഹചര്യത്തിലാണ് നടപടി.

ഡി.രൂപയുടെ ഭർത്താവും ഐ.എ.എസ് ഉദ്യാഗസ്ഥനുമായ മുനീഷ് മൗഡ്ഗിലിനെതിരെയും നടപടി എടുത്തിട്ടുണ്ട്. ഡി.പി.എ.ആർ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് മുനീഷിനെ മാറ്റിയത്. രൂപയും രോഹിണിയും തമ്മിലുള്ള പോര് വൻ വിവാദമായതോടെ ഇരുവർക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

ജനതാദൾ സെക്കുലർ എം.എൽ.എ സാ രാ മഹേഷിനൊപ്പം റെസ്റ്രോറന്റിൽ ഇരിക്കുന്ന രോഹിണിയുടെ ചിത്രം വൈരലായതോടെയാണ് ഇരുവരും തമ്മിലുള്ള സംഘർഷത്തിന്റെ തുടക്കം. തുടർന്ന് രോഹിണി നടത്തിയ അഴിമതികളുടെ ഒരു പട്ടിക രൂപ പുറത്തുവിടുകയും ഇരുവരും തമ്മിലുള്ള പോര് മുറുകുകയുമായിരുന്നു. പിന്നാലെ രോഹിണി ഐ.എ.എസുകാർക്ക് അയച്ചുകൊടുത്ത ചിത്രങ്ങളാണെന്ന് ആരോപിച്ച് രോഹിണിയുടെ സ്വകാര്യ ദൃശ്യങ്ങളും രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ആത് വ്യാജ ആരോപണമായിരുന്നെന്നാണ് രോഹിണി പ്രതികരിച്ചത്.