ഉത്രാളിക്കാവിൽ പറ പുറപ്പെട്ടു
Wednesday 22 February 2023 1:43 AM IST
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തിന് മുന്നോടിയായി നടക്കുന്ന പറപുറപ്പാടിന് തുടക്കം. വൈകിട്ട് നടന്ന വിശേഷാൽ പൂജകൾക്ക് ശേഷം തായമ്പക അരങ്ങേറി. തുടർന്ന് ക്ഷേത്രം കോമരം പള്ളിയത്ത് മാധവൻ നായർ പട്ടുടുത്ത് വാളും ചിലമ്പുമായി ശ്രീകോവിലിൽ നിന്ന് പുറത്തിറങ്ങി തുള്ളി കൽപ്പന ചെയ്ത ശേഷം പറ പുറപ്പെടാനുള്ള അനുവാദം ചോദിക്കുന്ന ചടങ്ങ് നടന്നു.
ഉത്രാളിക്കാവ് പൂരത്തിന്റെ മുഖ്യപങ്കാളികളായ എങ്കക്കാട്, വടക്കാഞ്ചേരി, കുമരനെല്ലൂർ എന്നീ ദേശക്കാർ ചടങ്ങിൽ പങ്കെടുത്തു. പൂരം ദിവസമായ 28 വരെ തട്ടകദേശങ്ങളിലെ പറയെടുപ്പ് നടക്കും. പൂരത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള കൊടിക്കൂറ ഉയർത്തൽ ചടങ്ങ് ക്ഷേത്രത്തിൽ നടന്നു. ദേവസ്വം ഓഫീസർ വി. മുരളി, സമിതി പ്രസിഡന്റ് ശ്രീധരൻ, ക്ഷേത്രം ഊരാളൻ കേളത്ത് പാർവതിഅമ്മ എന്നിവർ പങ്കെടുത്തു.