തുർക്കി - സിറിയ ഭൂകമ്പം: മരണം അര ലക്ഷത്തിലേക്ക് അടുക്കുന്നു  ഭീതി പരത്തി തുടർ ചലനം

Wednesday 22 February 2023 6:35 AM IST

ഇസ്താംബുൾ : ഫെബ്രുവരി 6ന് തെക്ക് - കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും നാശംവിതച്ച ഭീമൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇരുരാജ്യങ്ങളിലെയും ആകെ മരണ സംഖ്യ 48,000 കടന്നു. തുർക്കിയിൽ മാത്രം 42,000ത്തിലേറെ പേർ മരിച്ചെന്നാണ് കണക്ക്. സിറിയയിൽ 7,000ത്തോളം പേരും മരിച്ചു.

അതിനിടെ, റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറും മുമ്പ് വീണ്ടും ശക്തമായ തുടർ ചലനങ്ങളുണ്ടായത് ഭീതി പരത്തി.

തിങ്കളാഴ്ച തുർക്കിയിൽ സിറിയൻ അതിർത്തിയോട് ചേർന്ന് ഹാതെയ് പ്രവിശ്യയിലുണ്ടായ തുടർ ഭൂചലനങ്ങളിൽ എട്ട് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. 300ഓളം പേർക്ക് പരിക്കേറ്റു. 20 ഓളം പേരുടെ നില ഗുരുതരമാണ്. വടക്ക് പടിഞ്ഞാറൻ സിറിയയിൽ 130ലേറെ പേർക്ക് പരിക്കേറ്റു. തുർക്കിയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിയ ചിലർക്കായി തെരച്ചിൽ തുടരുകയാണ്.

തിങ്കളാഴ്ച ഡെഫ്ൻ ജില്ലയിൽ ഇന്ത്യൻ സമയം രാത്രി 10.34ഓടെയാണ് റിക്ടർ സ്കെയിലിൽ 6.3 തീവ്രതയിലെ ചലനമുണ്ടായത്. മൂന്ന് മിനിറ്റുകൾക്ക് ശേഷം സമാൻദഗ് ജില്ലയിൽ 5.8 തീവ്രതയിലെ മറ്റൊരു ചലനവുമുണ്ടായി. പിന്നാലെ തീവ്രത കുറഞ്ഞ 90ഓളം തുടർ ചലനങ്ങളും വിവിധയിടങ്ങളിലുണ്ടായി. അൻതാക്യ നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.

ഇതുവരെ ആറായിരത്തിലേറെ തുടർ ചലനങ്ങൾ തുർക്കിയിലുണ്ടായി. അതിൽ ഏറ്റവും ശക്തമായിരുന്നു തിങ്കളാഴ്ചത്തേത്. പിന്നാലെ മേഖലയിൽ കൂടുതൽ കെട്ടിടങ്ങൾ തകർന്നെങ്കിലും ഭൂരിഭാഗം പേരും ദുരിതാശ്വാസ ക്യാമ്പുകളിലും സുരക്ഷിത മേഖലകളിലുമായിരുന്നതിനാൽ വൻ അപകടം ഒഴിവായി.

തകർന്ന കെട്ടിടങ്ങൾക്കടുത്തേക്ക് ആരും പോകരുതെന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭൂകമ്പം ബാധിച്ച 11 പ്രവിശ്യകളിലായി തകർന്ന 200,000ത്തിലേറെ അപ്പാർട്ട്മെന്റുകളുടെ പുനർനിർമ്മാണം അടുത്ത മാസം മുതൽ തുടങ്ങുമെന്ന് തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ പറഞ്ഞു.