'സംഘർഷം ആളിക്കത്തിച്ചത് പാശ്ചാത്യ രാജ്യങ്ങൾ" : യു.എസുമായുള്ള ആണവായുധ നിയന്ത്രണ കരാർ മതിയാക്കി പുട്ടിൻ
മോസ്കോ : യുക്രെയിൻ അധിനിവേശത്തിൽ യു.എസിനും പാശ്ചാത്യ രാജ്യങ്ങൾക്കുമെതിരെ ആഞ്ഞടിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുക്രെയിൻ സംഘർഷം തിരികൊളുത്തിയതിന്റെ പൂർണ ഉത്തരവാദിത്വം പാശ്ചാത്യ രാജ്യങ്ങൾക്കാണെന്ന് ഇന്നലെ റഷ്യൻ പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ വാർഷിക അഭിസംബോധന നടത്തവെ പുട്ടിൻ തുറന്നടിച്ചു. വെള്ളിയാഴ്ച യുക്രെയിൻ അധിനിവേശം ആരംഭിച്ചതിന്റെ ഒന്നാം വാർഷികം അടയാളപ്പെടുത്താനിരിക്കെയാണ് പുട്ടിന്റെ പ്രഖ്യാപനം.
ഇരുരാജ്യങ്ങളുടെയും ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന് യു.എസുമായുണ്ടാക്കിയ കരാർ നിറുത്തിവയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയിൻ സന്ദർശിച്ച് തനിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പുട്ടിന്റെ മറുപടി. റഷ്യൻ വ്യോമകേന്ദ്രങ്ങളിലേക്ക് ഡ്രോൺ ആക്രമണങ്ങൾ നടത്താൻ യുക്രെയിനെ പാശ്ചാത്യ രാജ്യങ്ങൾ സഹായിക്കുന്നുണ്ടെന്ന് പുട്ടിൻ ആരോപിച്ചു.
2010ൽ അന്നത്തെ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും റഷ്യൻ പ്രസിഡന്റ് ഡിമിട്രി മെഡ്‌വഡേവും തമ്മിൽ ഒപ്പിട്ട ' ന്യൂ സ്റ്റാർട്ട് ട്രീറ്റി" യിലെ പങ്കാളിത്തം ഉപേക്ഷിക്കുമെന്നാണ് പുട്ടിന്റെ പ്രഖ്യാപനം. 2011 മുതൽ തുടരുന്ന ഉടമ്പടി 2021ൽ അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിരുന്നു.
യു.എസിനും റഷ്യക്കും വിന്യസിക്കാൻ കഴിയുന്ന തന്ത്രപ്രധാനമായ ആണവ പോർമുനകളുടെ എണ്ണവും അവയെ വഹിക്കാൻ ശേഷിയുള്ള കര, അന്തർവാഹിനി അധിഷ്ഠിത മിസൈലുകളുടെയും പോർവിമാനങ്ങളുടെയും വിന്യാസവും പരിമിതപ്പെടുത്തുന്നതാണ് കരാർ. നിലവിൽ യു.എസും റഷ്യയും തമ്മിൽ നിലവിലുണ്ടായിരുന്ന ഏക ആണവായുധ കരാറായിരുന്നു ഇത്.
സ്റ്റോക്‌ഹോം ഇന്റർനാഷണൽ പീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധ ശേഖരമുള്ള രാജ്യം റഷ്യയാണ് ( 5,977 ). 5,428 എണ്ണവുമായി യു.എസ് തൊട്ടുപിന്നിലുണ്ട്.
കാരണക്കാർ പാശ്ചാത്യ ശക്തികൾ
ഡോൺബാസ് മേഖല കേന്ദ്രീകരിച്ചുള്ള തങ്ങളുടെ പ്രത്യേക സൈനിക നടപടിക്കെതിരെ പ്രകോപനങ്ങൾ സൃഷ്ടിക്കുകയും ഒരു യുദ്ധമാക്കി മാറ്റുകയും ചെയ്തത് പാശ്ചാത്യ രാജ്യങ്ങളാണെന്ന് പുട്ടിൻ പറഞ്ഞു. യുക്രെയിൻ സംഘർഷത്തിന് തിരികൊളുത്തി കാര്യങ്ങൾ സങ്കീർണമാക്കിയതിനും മരണ സംഖ്യ ഉയരാനുമുള്ളതിന്റെ പൂർണ ഉത്തരവാദിത്വം പാശ്ചത്യ ഉന്നതർക്കാണ്. റഷ്യയെ പൂർണമായും ഇല്ലാതാക്കുക മാത്രമാണ് അവരുടെ ലക്ഷ്യം.
യുക്രെയിൻ സർക്കാർ അവരുടെ പാശ്ചാത്യ യജമാനൻമാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയാണെന്നും സ്വന്തം ദേശീയ താത്പര്യങ്ങൾ നിറവേറ്റുന്നില്ലെന്നും യുക്രെയിന്റെ സമ്പത്തും വ്യവസായവും അവർ നശിപ്പിച്ചെന്നും പുട്ടിൻ കുറ്റപ്പെടുത്തി. അതേ സമയം, പുട്ടിന്റെ വാദങ്ങൾ അസംബന്ധങ്ങളാണെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു.