സൽമാൻ റുഷ്ദിയെ ആക്രമിച്ചയാൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ സംഘടന

Wednesday 22 February 2023 6:41 AM IST

ടെഹ്‌റാൻ : ഇന്ത്യൻ വംശജനും ബ്രിട്ടീഷ് എഴുത്തുകാരനുമായ സൽമാൻ റുഷ്ദിയ്ക്ക് ( 75 ) നേരെ ആക്രമണം നടത്തിയ യുവാവിന് പാരിതോഷികം പ്രഖ്യാപിച്ച് ഇറാനിയൻ സംഘടന. കഴിഞ്ഞ ഓഗസ്റ്റിൽ ന്യൂയോർക്കിലെ ഷറ്റോക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രഭാഷണത്തിന് ഒരുങ്ങിയ റുഷ്ദിയെ ന്യൂജെഴ്സി ഫെയർവ്യൂ സ്വദേശിയായ ഹാദി മറ്റാർ ( 24 ) സ്റ്റേജിൽ കയറി കുത്തി വീഴ്‌ത്തുകയായിരുന്നു. ഇറാൻ അനുകൂലിയും ലെബനൻ വംശജനുമാണ് മറ്റാർ. മാരകമായ ആക്രമണത്തിൽ റുഷ്ദിയ്ക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. ഒരു കൈയുടെ ചലനശേഷിയും നഷ്ടമായി.

മറ്റാറിന്റെ പ്രവൃത്തിയെ ധീരമെന്ന് വിശേഷിപ്പിച്ച സംഘടന അയാളെ ഓർത്ത് അഭിമാനിക്കുന്നതായും 1,000 ചതുരശ്ര മീറ്റർ കൃഷി ഭൂമി അയാൾക്കോ അയാളുടെ പ്രതിനിധികൾക്കോ നൽകുമെന്നും പറഞ്ഞു. റുഷ്ദി ഇപ്പോൾ മരിച്ചു ജീവിക്കുകയാണെന്നും സംഘടന പറഞ്ഞു.

1988ൽ പ്രസിദ്ധീകരിച്ച സാത്താനിക് വേഴ്സസ് എന്ന വിവാദ നോവലിന്റെ പേരിൽ മതനിന്ദ ആരോപിച്ച് ഇറാനിലെ പരമോന്നത മതനേതാവായിരുന്ന അയത്തൊള്ള റൂഹുള്ള ഖൊമൈനി റുഷ്ദിയെ വധിക്കാൻ മതശാസന പുറപ്പെടുവിച്ചിരുന്നു. പത്തു വർഷത്താേളം ബ്രിട്ടനിൽ സുരക്ഷാ ഭടൻമാരുടെ കാവലിൽ ഒളിവിൽ കഴിഞ്ഞ റുഷ്ദി ഇരുപത് വർഷമായി അമേരിക്കയിലാണ്.

Advertisement
Advertisement