വിവാഹവും കുട്ടികളും, ഇറ്റാലിയൻ പത്രത്തിനോട് മനസിലെ ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് രാഹുൽ ഗാന്ധി

Wednesday 22 February 2023 11:08 AM IST

ന്യൂഡൽഹി: വിവാഹം കഴിക്കുന്നെങ്കിൽ അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങളുള്ള സ്ത്രീയെയാവും തേടുക എന്ന് ഭാരത് ജോഡോ യാത്രയ്ക്കിടെ വയനാട് എം പിയും കോൺഗ്രസ് മുൻ അദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഈ ആഗ്രഹത്തിന് ഒരു പടി കൂടി കടന്ന് കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും മനസ് തുറക്കുകയാണ് രാഹുൽ ഇപ്പോൾ. ഒരു ഇറ്റാലിയൻ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഇതുവരെ വെളിപ്പെടുത്താത്ത കാര്യങ്ങൾ വെളിപ്പെടുത്തിയത്.

വിവാഹിതനാകുന്നതിനെ കുറിച്ചും, കുട്ടികളുണ്ടാവുന്നതിനെക്കുറിച്ചുമെല്ലാം താൻ ചിന്തിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്ന രാഹുൽ 52ാം വയസ്സിലും അവിവാഹിതനായി തുടരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും മറുപടി നൽകുന്നു. എന്ത്കൊണ്ടെന്ന മറുപടി നൽകാൻ തനിക്ക് ഉറപ്പില്ലെന്നാണ് രാഹുൽ അഭിപ്രായപ്പെടുന്നത്.

അടുത്തിടെ സമാപിച്ച 'ഭാരത് ജോഡോ യാത്ര'യിലെ അനുഭവവും രാഹുൽ അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു. തന്നെ സംബന്ധിച്ചിടത്തോളം 'ഭാരത് ജോഡോ യാത്ര' ഒരു തപസുപോലെയായിരുന്നു. ഇന്ത്യയിലെ ആളുകളെ കുറിച്ച് ആഴത്തിൽ പഠിക്കാൻ കഴിഞ്ഞു. ഇന്ത്യയിലെ മതവിഭാഗങ്ങളായ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ധ്രുവീകരണമുണ്ടെന്ന് സമ്മതിച്ച രാഹുൽ ദാരിദ്ര്യം, പണപ്പെരുപ്പം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിപ്പിക്കാനുള്ള മാർഗമായി വർഗീയതയെ ഉപയോഗിക്കുന്നതിനെ കുറിച്ച് ചൂണ്ടിക്കാട്ടി. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഭരണത്തിന് കീഴിൽ രാജ്യത്ത് ഫാസിസം നിലവിൽ വന്നിട്ടുണ്ടെന്നും, ഇതിനാൽ ജനാധിപത്യ സ്ഥാപനങ്ങൾ തകരുകയാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷം ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അഭിമുഖത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു.