പ്രിൻസിപ്പാളിനെ അദ്ധ്യാപകൻ കൈയേറ്റം ചെയ്തതായി പരാതി

Thursday 23 February 2023 12:56 AM IST

കല്ലമ്പലം: ഹൈസ്കൂൾ അദ്ധ്യാപകൻ സ്കൂൾ പ്രിൻസിപ്പാളിനെ സ്കൂളിൽ വച്ച് കൈയേറ്റം ചെയ്തതായി പരാതി. മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജി.അനിൽകുമാറാണ് മർദ്ദനത്തിനിരയായത്. സ്കൂൾ വാർഷികാഘോഷങ്ങളിൽ ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്ക് മാത്രം കാഷ് പ്രൈസ് നൽകിയെന്ന് ആരോപിച്ച് യാതൊരു പ്രകോപനവുമില്ലാതെ ക്ലാസ് മുറിയിൽ വച്ച് അനിൽകുമാറിനെ കോളറിൽ കുത്തിപ്പിടിച്ച് അദ്ധ്യാപകനായ ജയകൃഷ്ണൻ എന്നയാൾ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പള്ളിക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അനിൽകുമാർ കെ.എസ്.ടി.എ ജില്ലാ കൗൺസിൽ അംഗമാണ്. അനിൽകുമാറിനെ ആക്രമിച്ച അദ്ധ്യാപകനെതിരെ മാനേജർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും കേസെടുക്കണമെന്നും കെ.എസ്.ടി.എ സബ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

Advertisement
Advertisement