ചിരിയുടെ മാലാഖ മറഞ്ഞു

Thursday 23 February 2023 6:00 AM IST

ചിട്ടയില്ലാത്ത ജീവിതവും ആഹാരക്രമവുമാണ് എന്നെ വർക്ക് ഷോപ്പിൽ ആക്കിയതെന്ന്

അവസാനമായി പ്രേക്ഷകരോട് സുബി സുരേഷ്

ആകർഷണീയത നിറഞ്ഞ വർത്തമാനവും കൗണ്ടർ അടിക്കാനുള്ള കഴിവും മാറ്റ് കൂട്ടി

തനതായ ഹാസ്യശൈലികൊണ്ടു ശ്രദ്ധേയയായ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് അപ്രതീക്ഷിതമായി യാത്രയായി. കരൾ രോഗത്തെ തുടർന്നാണ് മരണം. കരൾ പൂർണമായി മാറ്റിവയ്ക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. അമ്മയുടെ സഹോദരി പുത്രിയെ ദാതാവായി കണ്ടെത്തുകയും ചെയ്തിരുന്നു. ഈ മാസം വിവാഹിതയാകാനുള്ള ഒരുക്കങ്ങൾക്കിടെ സുബിയുടെ വിയോഗം പ്രിയപ്പെട്ടവരെ കണ്ണീരിലാഴ‌്‌ത്തി. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ് കൊച്ചിൻ കലാഭവനിലൂടെയാണ് പ്രശസ്തയാകുന്നത്. സിനിമാല എന്ന കോമഡി ഷോ സുബിയുടെ കരിയർ മാറ്റി. ടെലിവിഷൻ പരിപാടികളുടെ അവതാരകയായും സ്റ്റേജ് ഹാസ്യപരിപാടികളിൽ സാന്നിദ്ധ്യം അറിയിച്ചും സുബി ചിരി വിതറി. കുട്ടിപ്പട്ടാളം എന്ന പരിപാടിയിലൂടെ കുട്ടികളുടെ പ്രിയങ്കരിയായി. സ്കൂളുകളിൽ പഠിക്കുമ്പോൾ നൃത്തത്തോടായിരുന്നു താത്പര്യം. ബ്രേക്ക് ഡാൻസ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി പിന്നീട് കോമഡി ഷോയിലേക്ക് വഴിമാറി. നിരവധി വിദേശ വേദികളിൽ പരിപാടികൾ അവതരിപ്പിച്ചായിരുന്നു യാത്ര. നസീർ സംക്രാന്തി - സുബി സൂപ്പർഹിറ്റ് ടീം കോമഡി ഷോകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു. രാജസേനൻ സംവിധാനം ചെയ്ത കനകസിംഹാസം എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിര അരങ്ങേറ്റം. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എത്‌സമ്മ എന്ന ആൺകുട്ടി തുടങ്ങി ഇരുപതിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ കോമഡി ഷോകളാണ് സുബിക്ക് വിലാസം തന്നത്. വൻ സുഹൃത് വലയത്തിന്റെ ഉടമയായിരുന്നു സുബി.

എന്നാൽ രോഗവിവരം അധികം ആരോടും പങ്കുവച്ചില്ല. ചിരിപ്പിക്കുന്ന സുബിയെയാണ് എല്ലാവരും കണ്ടത്. അപ്രതീക്ഷിതമായി സുബിയുടെ വേർപാട് ഉറ്റവരെ കരയിച്ചു.

പ്രണയവിവാഹം സഫലമാകും മുൻപേ

സ്റ്റേജ് പരിപാടികളിൽ പുരുഷന്മാർ പെൺവേഷം കെട്ടിയ കാലത്ത് വേദിയിൽ നേരിട്ട് എത്തി മിന്നും താരമായി മാറി സുബി കോമഡി കിംഗുകളെ പോലും അത്ഭുതപ്പെടുത്തി. സുബിയുടെ വാർത്തമാനത്തിന് ആകർഷണീയത ഏറെയായിരുന്നു. കൃത്യമായ ടൈമിംഗിൽ കൗണ്ടർ അടിക്കാനുള്ള കഴിവാണ് മറ്റൊരു പ്രത്യേകത.രണ്ടുവർഷം മുൻപാണ് സുബി സ്വന്തം പേരിൽ യുട്യൂബ് ചാനൽ ആരംഭിച്ചത്. തന്റെ സഹപ്രവർത്തകരുടെ വീട്ടുവിശേഷങ്ങളും പാചകവും പ്രോഗ്രാമിനു പോകുന്ന സ്ഥലങ്ങളെ പരിചയപ്പെടുത്തുന്നതായിരുന്നു ചാനൽ. ജാർഖണ്ഡിൽ പ്രോഗ്രാമിന് പോയപ്പോൾ ചിത്രീകരിച്ച മൂന്നു വീഡിയോകളാണ് അവസാനമായി പങ്കുവച്ചത്. പുതിയ വീഡിയോ ഉടൻ പങ്കുവയ്ക്കുമെന്ന്അറിയിക്കുകയും ചെയ്തു.

വർക്ക് ഷോപ്പിലാണെന്നും പേടിക്കാനൊന്നുമില്ലെന്നും ആശുപത്രിയിൽനിന്നുള്ള വീഡിയോ പങ്കുവച്ചു സുബി പറഞ്ഞു.ആശുപത്രിയെ വർക്ക് ഷോപ്പ് എന്നു വിളിക്കാനാണ് ഇഷ്ടമെന്ന് ചിരിച്ചു കൊണ്ട് സുബി പറഞ്ഞു.ചിട്ടയില്ലാത്ത ജീവിതവും ആഹാരക്രമവുമാണ് ആശുപത്രിയിലാക്കിയതെന്ന്

അവസാനമായി പ്രേക്ഷകരോട് പറഞ്ഞു.മരണം സ്ഥിരീകരിച്ചതിനു പിന്നാലെ സുബി സുരേഷിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഹൃദയഭേദകമായി.സുബിയുടെ ചിരിക്കുന്ന ചിത്രത്തിനൊപ്പം ഇംഗ്ളീഷിൽ എഴുതിയ കുറിപ്പ് പേജിന്റെ അഡ്‌മിനാണ് പങ്കുവച്ചത്.ഓരോ പുതിയ അനുഭവവും മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ നിന്നാണ് ആരംഭിക്കുന്നത്. എല്ലാവരെയും വീണ്ടും കാണാം... നന്ദി.കെ.പി.എ.സി ലളിതയുടെ ഒന്നാം ചരമവാർഷികദിനത്തിലാണ് സുബിയുടെ വിയോഗം. ഇരുവരും ഏറെ അടുപ്പത്തിലായിരുന്നു.വിവാഹം വേണ്ടെന്ന തീരുമാനം മൂന്നു വർഷം മുൻപാണ് ഉപേക്ഷിച്ചത്.

പ്രണയിച്ചു വിവാഹം കഴിക്കാനായിരുന്നു സുബിയുടെ ആഗ്രഹം. ഒരാൾ എഴുപവന്റെ താലിമാല പണിയിച്ച് ഇരിക്കുകയാണെന്നും ഫെബ്രുവരിയിൽ കല്യാണം വേണമെന്നാണ് പറയുന്നതെന്നും സുബി അടുത്തിടെ പറഞ്ഞിരുന്നു. സഹപ്രവർത്തകനുമായി പ്രണയത്തിലായിരുന്നു സുബി. സുബിയെ വിവാഹം കഴിക്കാൻ തീരുമാനിച്ച ഈ സുഹൃത്താണ് അടുത്ത സ്നേഹിതരെ വിളിച്ച് മരണവിവരം അറിയിക്കുന്നത്. തീരാവേദനയിലാണ് പ്രിയപ്പെട്ടവർ.

Advertisement
Advertisement