കാളിയൂട്ടിന് ഇന്ന് കുറികുറിക്കും: നിലത്തിൽപ്പോര് മാർച്ച് 3ന്
ചിറയിൻകീഴ്: ശാർക്കര ദേവീ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കാളിയൂട്ട് മഹോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും. മാർച്ച് 3ന് വൈകിട്ടാണ് കാളിയൂട്ടിന്റെ പ്രധാന ചടങ്ങായ നിലത്തിൽപ്പോരും ദാരിക നിഗ്രഹവും. ഇന്ന് രാവിലെ 8 ന് മേൽശാന്തി തോട്ടയ്ക്കാട് കോയിക്കൽ മഠം പ്രകാശൻ നമ്പൂതിരി നാലമ്പലത്തിനകത്താണ് കാളിയൂട്ടിന് കുറികുറിക്കുക. രണ്ട് താളിയോല കുറിമാനങ്ങൾ തയ്യാറാക്കും. ക്ഷേത്ര ഭണ്ഡാരപ്പിളള സ്ഥാനിയായ ശാർക്കര ഐക്കരവിളാകം കുടുംബാംഗം കാരേറ്റ് പേടികുളം സരസ്വതി ഭവനിൽ ജി.ജയകുമാർ താളിയോലയിൽ നീട്ടെഴുതി പൊന്നറ കുടുംബത്തിലെ കാരണവർ കൊച്ചുനാരായണപിളളയുടെ മകൻ ഉണ്ണികൃഷ്ണന് കൈമാറും. അതോടെ ചടങ്ങുകൾ ആരംഭിക്കുകയായി. രണ്ടാമത്തെ കുറിമാനം മാരാർക്ക് നൽകും. മാർത്താണ്ഡവർമ്മ മഹാരാജാവ്, കരുത്തനായ കായംകുളം രാജാവിനെ തോല്പിച്ചെത്തിയതിന്റെ സ്മരണയ്ക്കാണ് ശാർക്കരയിൽ കാളിയൂട്ട് നടത്തുന്നതെന്നാണ് ഐതിഹ്യം. മകരക്കൊയ്ത്തുകാലത്ത് ദേശ സഞ്ചാരത്തിനിറങ്ങുന്ന ദേവി പല നാടുകളിലുംചുറ്റി കൊയ്ത്തിന്റെ വിശേഷങ്ങൾ അടുത്തറിയും. പലരോടൊപ്പം നേദ്യങ്ങൾ ഭുജിക്കും. അങ്ങനെ എഴുന്നളളി എത്തുമ്പോൾ കാഴ്ചകളുമായി ഭക്തർ ദേവിയെ കാണാനെത്തും. ഇതും കാളിയൂട്ടിന്റെ ഐതിഹ്യമാണ്. കാളിയൂട്ടിന്റെ വേഷം കെട്ടാൻ അവകാശം ആറ്റിങ്ങൽ പൊന്നറ കുടുംബത്തിനാണ്. 21 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ 151 പേരാണ് കർമ്മങ്ങളിൽ പങ്കെടുക്കുന്നത്. അത്താഴ ശീവേലിക്കുശേഷം ക്ഷേത്രത്തിന് തെക്കുവശത്തെ തുളളൽപ്പുരയിൽ വെളളാട്ടം കളി അരങ്ങേറും. ദേവിയെ കൃഷിക്കാർ വെളളമുണ്ട് വീശി ക്ഷീണമകറ്റുന്നതാണ് ഇതിലെ സങ്കല്പം. വെളള വസ്ത്രം ധരിച്ച് തലയിൽ തോർത്ത് കെട്ടി കരടിക, ചേങ്ങില താളത്തോടെ നടത്തുന്ന നൃത്ത രൂപമാണ് വെളളാട്ടംകളി.