ജീവനക്കാരുടെ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് കെ.എസ്.ആർ.ടി.സി: പിടിച്ച തുക ഇപ്പോൾ ചോദിക്കരുത്

Wednesday 22 February 2023 9:50 PM IST

കണ്ണൂർ : കെ.എസ്.ആർ.ടി.സിയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികാരണം വിവിധ ധനകാര്യ സ്ഥാപനങ്ങളിലേക്ക് അടക്കുന്നതിനായി ജീവനക്കാരിൽ നിന്നും ശമ്പള റിക്കവറി നടത്തിയ തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ അപേക്ഷ നൽകുന്നത് അവസാനിപ്പിക്കണമെന്ന് കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ സർക്കുലർ.

വിവിധ ട്രാൻസ്പോർട്ട് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലേക്ക് അടക്കുവാനായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കിയ തുകകളിൽ നിന്നും 2017 ജൂൺ മുതൽ 2018 ഒക്ടോബർ വരെയും 2019 ജൂൺ മുതൽ 2020 മാർച്ച് വരെയും 2021 നവംബർ മുതൽ 2023 ജനുവരി വരെയും കുടിശ്ശികയാണ്. അത് കൂടാതെ 2021 നവംബർ മുതൽ 2023 ജനുവരി വരെയുളള കാലയളവിലെ വിവിധ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, ബാങ്കുകൾ, കെ.ടി.ഡി.എഫ്.സി., കെ.എസ്.എഫ്.ഇ. തുടങ്ങിയ സ്ഥാപനങ്ങളിലേക്കുമുളള തുകകളും കുടിശ്ശികയായിട്ടുണ്ട്.

കോർപ്പറേഷന്റെ ധനസ്ഥിതി മെച്ചപ്പെട്ട് വരുന്ന സാഹചര്യത്തിലും, വിവിധ ഹൈക്കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നിരവധി ട്രാൻസ്പോർട്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ കുടിശ്ശിക ഇപ്പോൾ ഗഡുക്കളായി അടക്കുകയാണ്. അതിനാൽ ജീവനക്കാരുടെ കുടിശ്ശിക അവസാനാപ്പിക്കണമെന്ന അപേക്ഷകൾ നിരസിക്കുമെന്നുമാണ് ഉത്തരവിൽ പറയുന്നത്.

പ്രതിഷേധം ചില്ലറയല്ല

അതേ സമയം കെ.എസ്.ആർ.ടി. ജീവനക്കാർക്ക് ഗഡുക്കളായി ശമ്പളം വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ സി.ഐ.ടി.യു ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ പ്രതിഷേധത്തിലാണ്. വി​ക്ര​മാ​ദി​ത്യ​ൻ വേ​താ​ള​ത്തെ തോ​ള​ലി​ട്ട​പോ​ലെ മ​ന്ത്രി സി.​എം.​ഡിയെ ചുമക്കുകയാണെന്നാണ് കെ.​എ​സ്.​ആ​ർ.​ടി.​ഇ.​എ (സി.​ഐ.​ടി.​യു) വ​ർ​ക്കി​ംഗ് പ്ര​സി​ഡ​ന്റ് സി.​കെ ഹരികൃഷ്ണൻ പരിഹസിച്ചു. എന്നാൽ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം മാനേജ്മെന്റിന്റേതാണെന്നും സര്‍ക്കാരിന്റെ നയപരമായ തീരുമാനമല്ലെന്നുമാണ് ഗതാഗതി മന്ത്രി ആന്റണി രാജു പറഞ്ഞു. മുൻമന്ത്രി എ.കെ ബാലൻ രൂക്ഷമായാണ് ഇതിനെതിരെ പ്രതികരിച്ചത്. ബ്യൂറോക്രാറ്റുകളുടെ താളത്തിനനുസരിച്ച് തുള്ളിയാൽ മന്ത്രി ഒറ്റപ്പെടുമെന്നും ഏത് മന്ത്രിയായാലും തൊഴിലാളികളെ വിശ്വാസത്തിലെടുക്കണമെന്നും അദ്ദേഹം തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലെടുത്ത തീരുമാനം പോലും നടപ്പാക്കുന്നില്ലെന്നും എ.കെ ബാലൻ കുറ്റപ്പെടുത്തിയിരുന്നു.

Advertisement
Advertisement