മനംനിറഞ്ഞ് മുൻ സംസ്ഥാന യുവകർഷക അവാർഡ് ജേതാവ്: കൃഷിയിലെ ഇസ്രായേൽ വിജയം കണ്ടറിഞ്ഞ് ശ്രീവിദ്യ
കാസർകോട് : ഇസ്രായേലിലെ കാർഷികമേഖലയിലെ പുതുപരീക്ഷണങ്ങളും തന്ത്രങ്ങളും പഠിച്ചാണ് ബേഡഡുക്ക കൊളത്തൂർ ബറോട്ടി നിടുവോട്ടെ എം.ശ്രീവിദ്യയുടെ നടക്കം. 2020 ൽ സംസ്ഥാന സർക്കാർ മികച്ച യുവകർഷക പുരസ്‌ക്കാരജേതാവ് കൂടിയായ ഇവർ ഇസ്രായേൽ സന്ദർശിച്ച കൃഷിവകുപ്പ് സംഘത്തിനൊപ്പമായിരുന്നു യാത്ര തിരിച്ചത്.
ആധുനിക സാങ്കേതിക വിദ്യ കൈയടക്കിയ ഇസ്രായേൽ കൃഷി രീതി ഏറെ ആകർഷിച്ചുവെന്ന് ശ്രീവിദ്യ ഉൾപ്പെടെയുള്ള പഠന സംഘം പറഞ്ഞു. ഇസ്രായേലിൽ ഓരോ കർഷകനും ഓരോ ശാസ്ത്രജ്ഞരാണ്. തരിശായ സ്ഥലത്ത് കൃഷി ചെയ്യുന്ന കവറിംഗ് പ്ലാന്റ് അടക്കം മികച്ച അനുഭവമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് ഇവർ പറഞ്ഞു. മണ്ണിന്റെ ജൈവ വൈവിധ്യം നിലനിർത്താനാണ് ഇങ്ങനെ ചെയ്യുന്നത്.
ഉപ്പുവെള്ളം കയറുന്ന പാഠങ്ങളിൽ കൃഷി ചെയ്യാൻ പറ്റുന്ന വിത്തിനങ്ങൾ നിർമ്മിച്ച് നൽകുന്ന സംഘടന അവിടെ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ ഓരുജലം കയറുന്ന പാടങ്ങളിൽ ഏറെ പ്രയോജനപ്രദമായ അറിവാണിത്. ആവശ്യമുള്ളതും വിലകിട്ടുന്നതുമായ ഉൽപന്നങ്ങൾ ആണ് അവിടെയുള്ളത്. മണ്ണ് , ജലം,ഘടന തുടങ്ങി പത്ത് കാര്യങ്ങൾ ശാസ്ത്രീയമായി നിരീക്ഷിച്ച ശേഷമാണ് കൃഷി തുടങ്ങുന്നത്. കൃഷി പഠിക്കാൻ 27 അംഗസംഘമാണ് ഇസ്രായേലിലേക്ക് തിരിച്ചത്.
പതിനായിരം കോഴികളെ നോക്കാൻ ഒരാൾ മതി
പതിനായിരം മുട്ട ഉത്പാദിപ്പിക്കുന്ന ഫാം നോക്കിനടത്തുന്നത് ഒരു തൊഴിലാളി മാത്രമാണെന്നത് അത്ഭുതപ്പെടുത്തിയെന്ന് ശ്രീവിദ്യ പറഞ്ഞു. കോഴികളെ കൂട്ടിലിട്ട് മെരുക്കുന്ന സമ്പ്രദായമൊന്നുമില്ല. നടന്നുപോയി മുട്ട ഇട്ടശേഷം തിരിച്ചുവരും. തീറ്റയെടുക്കാനും സംവിധാനമുണ്ട്. വിപണിയുടെ ആവശ്യം തിരിച്ചറിഞ്ഞു വേണ്ടത്ര അളവിൽ മാത്രമാണ് കൃഷി.പത്തുപേരാണ് 1500 പശുക്കളെ നോക്കാൻ ഫാമിലുള്ളത് പശുക്കളെ അഴിച്ചുവിട്ടാണ് ഫാമിൽ വളർത്തുന്നത്. ഒരു പശുവിന് നാല്പത് ലിറ്റർ പാൽ കിട്ടും. മൂന്നും നാലും ദിവസം പാൽ കേടുകൂടാതെ സൂക്ഷിക്കാനും സംവിധാനം. അഴിച്ചു വിടുന്ന പശുക്കളിൽ ഓരോന്നിനും ചിപ്പോ സ്മാർട്ട് വാച്ചോ ഘടിപ്പിച്ചിട്ടുണ്ടാകും. ഇതുവഴി ചലനങ്ങളും ഹൃദയമിടിപ്പും തിരിച്ചറിയാൻ എളുപ്പം. ചാണകവും മൂത്രവും ഒരുമിച്ചു ഉണക്കി എടുക്കാൻ സംവിധാനം ഒരുക്കിയതിനാൽ പശുക്കളെ കിടത്തുന്നത് നിലത്തെ ചാണകത്തിൽ തന്നെയാണ്.
മികച്ച പരിചരണം
ഒരു ചെടിയുടെ ഇലയിൽ വാട്ടമോ രോഗമോ കണ്ടെത്തിയാൽ മൊത്തമായി ചികിൽസിക്കാതെ രോഗമുള്ള ഭാഗം മാത്രം ചികിൽസിക്കുന്ന രീതിയാണ് ഇസ്രായേലിലെന്ന് ശ്രീവിദ്യ പറയുന്നു. ഉപയോഗിക്കുന്ന തൈകൾ,വിത്തുകൾ എന്നിവ ഏറ്റവും ഗുണമേന്മയുള്ളതാണ്. കർഷകരിൽ നിന്ന് വാങ്ങുന്ന വിത്ത് പ്രോസസ് ചെയ്തു കൃഷിക്ക് അനുയോജ്യമുള്ളതാക്കി നൽകും.
നമുക്ക് മാതൃകയാക്കേണ്ടുന്ന ധാരാളം കൃഷി രീതികൾ കൊണ്ട് സമ്പന്നമാണ് ഇസ്രായേൽ. കീടനാശിനികൾ ഉപയോഗിക്കുന്നത് വരെ കുറവാണ്. ജലസേചന സാങ്കേതിക വിദ്യയിലും മുന്നിലാണ് അവർ
-ശ്രീവിദ്യ