ഏഴരക്കണ്ടത്തിലേക്ക് വരു, ഗതകാലത്തെ മുഖാമുഖം കാണാം ,അറിയാം
തലശ്ശേരി:നൂറ്റാണ്ടിന് മുമ്പുള്ള ഏഴരക്കണ്ടത്തിന്റെ വിശാലമായ ശില്പം ആവിഷ്കരിച്ച ചുണ്ടങ്ങാപൊയിലിലെ റിട്ട:എസ്.ഐ കെ.കെ.സുരേഷ് ബാബു . 'പൊന്ന്യത്തങ്ക' ത്തിന് കൊടിയേറിയ പൊന്ന്യം ഏഴരക്കണ്ടത്തിൽ ഒരുക്കിയ ഗതകാല കേരളീയ ഗ്രാമീണ ദൃശ്യം ആയിരങ്ങളെയാണ് ആകർഷിക്കുന്നത്.പ്രമുഖ ചിത്രകാരൻ പൊന്ന്യം ചന്ദ്രന്റേയും, ചിത്രകലാ അദ്ധ്യാപകൻ കെ.കെ.സനിൽകുമാറിന്റേയും സഹോദരനാണ് സുരേഷ് ബാബു. മിത്രൻ പുത്തലത്ത് , ടി . മനോജ് കുമാർ , കെ. കെ. സജീവൻ , എം.മൃദുൽ എന്നിവരും സുരേഷ്ബാബുവിനൊപ്പം നിർമ്മാണത്തിൽ പങ്കാളികളായി. വയലിനോട് ചേർന്നുള്ള പുല്ല് മേഞ്ഞ മൺകൂരയും വയലിൽ തളം കെട്ടി നിൽക്കുന്ന വെള്ളത്തിൽ ഞാറ് നടുന്ന കർഷക സ്ത്രീയും വരമ്പത്ത് വച്ച കരിപുരണ്ട കഞ്ഞി കുടുക്കയും 'കണ്ണ് തട്ടാതിരിക്കാനുള്ള നോക്കുകുത്തിയുമെല്ലാം ഏറെ ആകർഷണീയമായി.ഏഴരക്കണ്ടത്ത് എത്തിയ ആയിരങ്ങൾ നൂറ്റാണ്ടുകൾക്കപ്പുറമുള്ള ഗ്രാമീണ കാഴ്ചയുടെ സർഗ്ഗാവിഷ്‌ക്കാരത്തെ കൺനിറയെ കണ്ടാണ് തിരിച്ചിറങ്ങിയത് . വയലിൽ ഞാറു നടുന്ന സ്ത്രീയുടെ ശിൽപ്പവും പുല്ല് മേഞ്ഞ കുടിലും ഒറ്റകാഴ്ചയിൽ തന്നെ ആസ്വാദകരെ പിടിച്ചുനിർത്തുന്ന അനുഭവമായി . 'പൊന്ന്യത്തങ്ക'ത്തിന് പുറമെ പല സാംസ്‌കാരിക പരിപാടികൾക്കും സുരേഷ് ബാബു സമാനമായ കാഴ്ച്ചാവിരുന്ന് ഒരുക്കിയിട്ടുണ്ട് .