ലോട്ടറി തൊഴിലാളിയുടെ പണവും മൊബൈൽ ഫോണും കവർന്ന പ്രതി പിടിയിൽ

Thursday 23 February 2023 2:38 AM IST

തൃശൂർ : ദിവാൻജിമൂലയിൽ ലോട്ടറി തൊഴിലാളിയായ മദ്ധ്യവയസ്‌കയുടെ ബാഗ് പിടിച്ചു പറിച്ച് പണവും ലോട്ടറിടിക്കറ്റും മൊബൈൽഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ. കേച്ചേരി തലക്കോട്ടുകര സ്വദേശി കൊങ്ങണവീട്ടിൽ മുസ്തഫയെയാണ് (60) ടൗൺ ഈസ്റ്റ് സി.ഐ പി.ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 20 നായിരുന്നു സംഭവം. സംഭവദിവസം കാലത്ത് ദിവാൻജി മൂലയിൽ നിന്നും റെയിൽവേ സ്റ്റേഷൻ വഴിയിൽ പോയിരുന്ന ലോട്ടറിതൊഴിലാളിയുടെ സമീപത്തേക്ക് നടന്നെത്തി കൈയിലുണ്ടായിരുന്ന സഞ്ചി വലിച്ചെടുത്ത് പ്രതി ഓടുകയായിരുന്നു. കവർന്ന സഞ്ചിയിൽ പണവും, മൊബൈൽ ഫോണും, ലോട്ടറി ടിക്കറ്റുകളുമാണ് ഉണ്ടായിരുന്നത്. പാണഞ്ചേരി സ്വദേശിയായ സബീസ ഉടനെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതി ബാഗ് കവരുന്നതും സംശയാസ്പദമായ ഒരു വാഹനവും കാമറ ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നതിനാൽ അതുമായി ബന്ധപെട്ട തുടർന്നുള്ള അന്വേഷണത്തിലാണ് ഓട്ടോ ഡ്രൈവറായ പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ എ.ആർ.നിഖിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുധീർ, പി.ഹരീഷ്‌കുമാർ, വി.ബി ദീപക്, ഒ.ആർ അഖിൽ എന്നിവരാണ് ഉണ്ടായിരുന്നത്.