ചിങ്ങവനം റെയിൽവേ സ്റ്റേഷൻ അവഗണനയുടെ ട്രാക്കിൽ

Thursday 23 February 2023 12:47 AM IST

കോട്ടയം: നവീകരണം കഴിഞ്ഞ് വർഷങ്ങളായെങ്കിലും നിറുത്താതെ പോകുന്ന ട്രെയിനുകളാണ് ചിങ്ങവനം സ്റ്റേഷന്റെ സമ്പാദ്യം. കോട്ടയം സ്റ്റേഷനോളം പഴക്കമുണ്ടെങ്കിലും ചിങ്ങവനത്ത് രാവിലെയും വൈകിട്ടുമുള്ള പാസഞ്ചറുകൾക്കും മെമുവിനും ചരക്കു ട്രെയിനുകൾക്കും മാത്രമാണ് സ്റ്റോപ്പുള്ളത്.

നഗരസഭയുടെ 35-ാം വാർഡിലാണ് ചിങ്ങവനം റെയിൽവേ സ്റ്റേഷൻ. വരുമാനം കുറവാണെന്ന കാരണം പറഞ്ഞാണ് ചിങ്ങവനം റെയിൽവേ സ്റ്റേഷനെ അവഗണിക്കുന്നത്. എന്നാൽ പാസഞ്ചർ ട്രെയിനിന് മാത്രം സ്റ്റോപ്പ് അനുവദിച്ചാൽ എങ്ങനെ വരുമാനമുണ്ടാകുമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.

കോട്ടയം സൗത്ത് സ്റ്റേഷനായി ചിങ്ങവനത്തെ വികസിപ്പിക്കണമെന്നാണ് യാത്രക്കാരുടേയും ജനങ്ങളുടേയും ആവശ്യം. സ്റ്റേഷന് സമീപം എം.സി റോഡും സ്വകാര്യ ബസ് സർവീസുള്ള റോഡുമുണ്ട്. കൂടാതെ മൂന്നു പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷനിലെ രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിൽ 24 കോച്ചു വരെയുള്ള ട്രെയിനുകൾ നിറുത്താനും സൗകര്യമുണ്ട്.

 കോട്ടയം നഗരത്തിലെ തിരക്ക് കുറയ്‌ക്കാം

ചിങ്ങവനത്തു നിന്ന് കോട്ടയം ​സ്റ്റേഷനിലെത്താൻ 13 കിലോമീറ്റർ യാത്ര ചെയ്യണം. ചിങ്ങവനത്ത് എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ കോട്ടയം നഗരത്തിലെ തിരക്ക് കുറയ്ക്കാം. സ്റ്റേഷനിലേക്കുള്ള വഴിയുടെ ഇരുവശവും കാടുപിടിച്ചു കിടക്കുകയാണ്. ഇതിന് വെട്ടിത്തെളിക്കണമെന്ന ആവശ്യവും ശക്തമാണ്. കുറിച്ചി ഹോമിയോ കോളേജ്, ഹോമിയോ ആശുപത്രി, നാട്ടകം ഗവ. കോളജ്, പോളിടെക്നിക്ക്, കുറിച്ചി സെന്റ് മേരീസ് കോളേജ്, എൻജിനിയറിം​ഗ് കോളേജുകൾ, ഫുഡ് കോർപറേഷൻ, സിവിൽ സപ്ലൈസ്, ഫാക്ട് ഗോഡൗണുകളും സ്റ്റേഷനടുത്തുണ്ട്.