സംസ്ഥാനത്തെ ഏറ്റവും മുറ്റിയ തേക്ക് വൃന്ദാവനിൽ വില 39.25 ലക്ഷം

Wednesday 22 February 2023 10:51 PM IST

പാലോട്: 144 വർഷത്തെ പഴക്കമുള്ള, കേരള ചരിത്രത്തിലെ ഏറ്റവും മുറ്രിയ തേക്ക് പാലോട് വൃന്ദാവനം ടിംബേഴ്സിന് സ്വന്തം. നിലമ്പൂർ തോട്ടത്തിൽ ബ്രിട്ടീഷുകാർ 1909 ൽ വച്ചുപിടിപ്പിച്ച തേക്കാണ് ഇത്. വനം വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ വിറ്റുപോയതിൽ ഏറ്റവും വലിയ തുകയായ 39.25 ലക്ഷം രൂപ നൽകിയാണ് വൃന്ദാവനം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.അജീഷ് കുമാർ തേക്ക് സ്വന്തമാക്കിയത്. നിലമ്പൂർ തേക്ക് പ്ലാന്റേഷനിൽ ഉണങ്ങിവീണ തേക്കുമരത്തിന്റെ മൂന്ന് കഷണങ്ങളാണ് ഇത്രയും വിലയ്ക്ക് ലേലത്തിൽ പോയത്. നെടുങ്കയം ഡിപ്പോ പരിസരത്തുള്ള തേക്ക് തടിയാണിത്. എട്ട് ഘനമീറ്ററുള്ള തേക്കിന് 274 സെന്റിമീറ്റർ മദ്ധ്യവണ്ണവും 6.8 മീറ്റർ നീളവുമുണ്ട്. കയറ്റുമതി ഇനത്തിൽപ്പെട്ട തേക്കിന് ഘനമീറ്ററിന് 5.55,000 രൂപ പ്രകാരമാണ് ലേലം നടന്നത്. ഒരു കഷണം തടിക്ക് 27 ശതമാനം നികുതി ഉൾപ്പെടെ 23 ലക്ഷം രൂപയും മറ്റ് രണ്ട് കഷണങ്ങളിൽ ഒന്ന് 11 ലക്ഷവും അടുത്തതിന് 5.25 ലക്ഷവും ആണ് വില നൽകിയത്. കയറ്റുകൂലിക്കായി 25000 രൂപയും വാഹന കൂലി 25000 രൂപയും നൽകിയാണ് തേക്ക് പാലോട് വൃന്ദാവനം ടിംബേഴ്സിൽ എത്തിച്ചത്. രണ്ട് ലോറികളിലായി എത്തിച്ച തേക്ക് കാണാൻ വലിയ തിരക്കായിരുന്നു.

Advertisement
Advertisement