നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു

Thursday 23 February 2023 12:51 AM IST

ചിങ്ങവനം: പനച്ചിക്കാട്ട് തെരുവ് നായയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയുൾപ്പെടെ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ചാന്നാനിക്കാട് രതീഷ് ഭവനിൽ ലതികാ രാജ​ന്റെ (58) മുഖത്താണ് കടിയേറ്റത്. ​തുടർന്ന് ലതികയെ പഞ്ചായത്തംഗം ലിജി വിജയകുമാർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷയ്‌ക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൂവൻതുരുത്ത് കിഴക്കേമൂല കൈലാസത്തിൽ അമൽ പ്രകാശ്, കൊല്ലാട് പുളുമൂട്ടിൽ തടത്തിൽ ജനാർദ്ദനൻ, ചോഴിയക്കാട് സ്വദേശി അനന്ദു കൃഷ്ണൻ എന്നിവർക്കും കടിയേറ്റു. കടിയേറ്റവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

ഇന്നലെ രാവിലെ പത്തിന് പൂവൻതുരുത്ത് കുന്നത്ത് കടവിൽ സ്ത്രീ തൊഴിലാളികൾക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. സംഭവ ശേഷം ജനാർദ്ദനന്റെ മകൻ സുനിലിന്റെ വീട്ടിലെ കാർ പോർച്ചിൽ നായയെ ചത്ത നിലയിൽ കണ്ടെത്തി. പോസ്റ്റുമോർട്ടത്തിൽ നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു.