പൂത്തുലഞ്ഞ് സിനിമാ വസന്തം

Thursday 23 February 2023 12:53 AM IST

കോട്ടയം: രാജ്യാന്തര ചലച്ചിത്രമേള 24 മുതൽ 28 വരെ അനശ്വര, ആഷ, സി.എസം.എസ് കോളേജ് എന്നിവിടങ്ങളിലായി നടക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വൈകിട്ട് അഞ്ചിന് അനശ്വര തീയേറ്ററിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ വിശിഷ്ടാതിഥിയാകും.

അഞ്ചു ദിവസമായി നടക്കുന്ന ചലച്ചിത്ര മേളയിൽ 39 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ 18 ലോകസിനിമളുണ്ട്. 27-ാമത് ഐ.എഫ്.എഫ്.കെയിൽ പുരസ്‌കാരം നേടിയ ചിത്രങ്ങൾ, ലോകസിനിമ, കൺട്രി ഫോക്കസ്, കലൈഡോസ്‌കോപ്പ്, മലയാളം സിനിമ എന്നീ വിഭാഗങ്ങളിൽ പ്രദർശിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങൾ തുടങ്ങിയവയുമുണ്ട്.

സുവർണ ചകോരം നേടിയ സ്‌പാനിഷ് ചിത്രമായ 'ഉതമ", നവാഗത സംവിധായകനുള്ള രജതചകോരം നേടിയ അറബിക് ചിത്രമായ 'ആലം", മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം നേടിയ 'അവർ ഹോം", എഫ്.എഫ്.എസ്.ഐ കെ.ആർ. മോഹനൻ അവാർഡ് നേടിയ 'എ പ്ളേസ് ഒഫ് അവർ ഓൺ" തുടങ്ങിയ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.

 തുടക്കം വിളംബര ജാഥയോടെ 23ന് വൈകിട്ട് 4.30ന് കളക്ട്രേറ്റിൽ നിന്ന് തിരുനക്കര പഴയ പൊലീസ് മൈതാനത്തേക്കാണ് വിളംബര ജാഥ.

25ന് തകര മ്യൂസിക് ബാൻഡ് സംഗീത പരിപാടി അവതരിപ്പിക്കും. 26ന് യ ര ല വ കല്ര്രകീവിന്റെ അക്ഷരമാല, 27ന് ഗസലുകളും ഗൃഹാതുരത്വമുണർത്തുന്ന പഴയ ഗാനങ്ങളും കൂട്ടിയിണക്കി അലോഷി ആഡംസ് സംഗീതസന്ധ്യ എന്നിവ നടക്കും. ചലച്ചിത്രമേളയുടെ ഭാഗമായി പുനലൂർ രാജന്റെ ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട അപൂർവ ഫോട്ടോകളുൾപ്പെടുത്തി എക്‌സിബിഷനും നടക്കും.

ഡെലിഗേറ്റ് പാസിന് 300 രൂപ

 ഡെലിഗേറ്റുകൾക്ക് നൽകുന്ന പാസ്- 1000

 അനശ്വര തീയേറ്ററിൽ കൗണ്ടറിലൂടെ ഓഫ്‌ലൈൻ രജിസ്ട്രേഷൻ

 രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് രജിസ്ട്രേഷൻ

 ഡെലിഗേറ്റ് പാസ്- 300 രൂപ

 വിദ്യാർത്ഥികൾക്ക്- 150 രൂപ