നിരവധി കേസിലെ പ്രതി കാറിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി പിടിയിൽ

Thursday 23 February 2023 1:47 AM IST

പൂവാർ: നിരവധി കേസിലെ പ്രതി കാറിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എയും വടിവാളുമായി എക്സൈസ് സംഘം പിടികൂടി. പുതിയതുറ ഉരിയരിക്കുന്ന് പുരയിടത്തിൽ ഡെനുവിനെയാണ് (31) തിരുപുറം എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിന്തുടർന്ന് പിടികൂടിയത്. ഇന്നലെ രാവിലെ 11ഓടെ പുതിയതുറ ജംഗ്ഷന് സമീപം വച്ചാണ് ഡെനുവിനെ പിടിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഡെനുവിന്റെ കാറിൽ വടിവാൾ കണ്ടതിനെ തുടർന്ന് കാഞ്ഞിരംകുളം പൊലീസും സ്ഥലത്തെത്തി. ഇയാളുടെ പക്കൽ നിന്നും കാറിലുമായി 5 ഗ്രാമിലധികം എം.ഡി.എം.എ പിടിച്ചെടുത്തു. കാറിന് സമീപത്ത് നിന്ന രണ്ടു സ്ത്രീകളെ ദേഹപരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിഴിഞ്ഞം, കാഞ്ഞിരംകുളം സ്റ്റേഷനിൽ ഇയാൾക്കെതിരെ നിരവധി കേസുള്ളതായി പൊലീസ് പറഞ്ഞു. എക്സൈസ് ഇൻസ്‌പെക്ടർ അനിൽകുമാർ, പ്രീവന്റീവ് ഓഫീസർമാരായ ഷാജി, സനൽകുമാർ, സിവിൽ ഓഫീസർമാരായ സ്റ്റീഫൻ,ഉമാപതി, വനിതാ ഓഫീസർ അനിത എന്നിവരുടെ സംഘമാണ് പിടികൂടിയത്. മാരാകായുധം കൈവശം വച്ചിരുന്നതിന് കാഞ്ഞിരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.