മിനി സിവിൽ സ്റ്റേഷനിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു
Thursday 23 February 2023 3:03 AM IST
പോത്തൻകോട്: പോത്തൻകോട് മിനി സിവിൽ സ്റ്റേഷനിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മുഴുവൻ പണവും അടയ്ക്കാമെന്ന് എ.ഡി.എം ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോത്തൻകോട് കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചത്. കഴിഞ്ഞ ദിവസമാണ് പത്ത് മാസത്തെ കുടിശ്ശികയായ 26,378 രൂപ അടയ്ക്കാത്തതിൽ മിനി സിവിൽ സ്റ്റേഷന്റെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത്. നിർമ്മാണ സമയത്ത് കരാറുകാരനാണ് വൈദ്യുതി ഉപയോഗിച്ചതെന്നും ആയതിനാൽ അവരാണ് പണം അടയ്ക്കേണ്ടതെന്നുമാണ് തഹസിൽദാർ പറഞ്ഞത്. മിനി സിവിൽ സ്റ്റേഷനിൽ വൈദ്യുതി വിച്ഛേദിച്ച വാർത്ത മാദ്ധ്യമങ്ങളിൽ വന്നതോടെ വലിയ വിമർശനമുണ്ടായി. ഇതോടെയാണ് പണം അടയ്ക്കാമെന്ന് എ.ഡി.എം പോത്തൻകോട് കെ.എസ്.ഇ.ബിയെ അറിയിച്ചത്.