കനലെരിച്ച് വേനൽ; വേരറ്റ് കുടിവെള്ളം
കോട്ടയം: വേനൽ പിടിവിട്ട് കുതിച്ചതോടെ ജില്ലയിലെ ജലസ്രോതസുകളിൽ ജലനിരപ്പ് അപകടകരമായി താഴുന്നതായി ജലവകുപ്പ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ പോലും വെള്ളം കിട്ടാത്ത അവസ്ഥയിലാണ്. ആറുകളുടെ പല ഭാഗങ്ങളിലും വെള്ളം വറ്റി മണൽക്കൂനകൾ തെളിഞ്ഞു. അതേസമയം ഇന്നലെയും ജില്ലയിലെ ചൂടിന് കുറവില്ല.
മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്‌തമായി താപനില ക്രമാതീതമായി വർദ്ധിക്കുകയാണ്. മീനച്ചിലാറ്റിലും, കൊടൂരാറ്റിലും ജല നിരപ്പ് പരിധിയിലധികം താഴ്ന്നു. ഇത് വാട്ടർ അതോറിട്ടിയുടെ പമ്പിംഗിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ അവസ്ഥ തുടർന്നാൽ മാർച്ച് മുതൽ കൊടുംവരൾച്ചയിലേയ്‌ക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
ചൂട് 36.2 ഡിഗ്രി
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ 35 ഡിഗ്രിയായിരുന്നെങ്കിൽ ഇന്നലെ 36.2 ഡിഗ്രിയായി ഉയർന്നു. പുനലൂർ കഴിഞ്ഞാൽ സംസ്ഥാനത്ത് കൂടുതൽ ചൂട് കോട്ടയത്താണ്. കഴിഞ്ഞ വർഷം ഫെബ്രുവരി 27ന് 37.3 ഡിഗ്രിവരെ താപനില ഉയർന്നിരുന്നു. സമാന സാഹചര്യത്തിലാണ് ജില്ലയുടെ കാലാവസ്ഥ.
വെള്ളം വില്പന സജീവം
ടാങ്കർ ലോറികളിൽ വെള്ളം വിൽക്കുന്ന സംഘങ്ങൾ ജില്ലയിൽ സജീവമായി. എന്നാൽ വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധനയില്ലെന്നാണ് പരാതി. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ സർക്കാർ വകുപ്പുകളിൽ നിന്നോ ലഭിക്കുന്ന ലൈസൻസുകളില്ലാതെയാണ് പല ടാങ്കർ ലോറികളും രംഗത്തുള്ളത്. ആരോഗ്യ - ഭക്ഷ്യസുരക്ഷാ വകുപ്പുകൾ ഈ ടാങ്കറുകൾ പരിശോധിക്കാറുപോലുമില്ല. എവിടെ നിന്നാണ് ശേഖരിക്കുന്നതെന്നോ, വിതരണം ചെയ്യുന്ന വെള്ളം ഉപയോഗ യോഗ്യമാണോ എന്ന് കണ്ടെത്താനും സംവിധാനമില്ല. ഈ സാഹചര്യത്തിൽ ശുദ്ധജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ അധികൃതർ നടപടിയെടുക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം.